

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോർച്ചയ്ക്ക് പിന്നിലുള്ളവരെ തുറങ്കലില്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ നടപടി വേണമെന്ന് മോദി എന്‍ഡിഎ യോഗത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കും. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മോദി പറഞ്ഞു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കായി ആവശ്യം ഉയരുന്നതിൽ മോദി പ്രതികരിച്ചില്ലെന്നാണ് വിവരം.
അതേസമയം, ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ ഉറച്ച് മുന്നോട്ടുപോകാനാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ തീരുമാനം. ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത്ത് ദീപ്‌കെ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടതിന് പിന്നാലെ ജന്തര്‍മന്തറിലേക്ക് തിരിച്ചെത്തിയ സിജെപി പ്രതിഷേധക്കാര്‍ പുതിയ വേദി സ്ഥാപിക്കുകയും പ്രതിഷേധം തുടരുകയുമായിരുന്നു.
'ഞങ്ങള്‍ ഇനിയും മാര്‍ച്ച് ചെയ്യും. ഇവിടം വിടില്ല', എന്നാണ് പാര്‍ലമെന്റ് മാര്‍ച്ച് സംബന്ധിച്ച ചോദ്യത്തോട് ദീപ്‌കെ പ്രതികരിച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരും. അടുത്ത മാര്‍ച്ചിനുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുകയാണ്. അടുത്ത നീക്കം സംബന്ധിച്ച് സിജെപി ഔദ്യോഗികമായി അറിയിക്കുമെന്നും സിജെപി വ്യക്തമാക്കി. വിദ്യാര്‍ത്ഥി നേതാക്കള്‍ പാര്‍ലമെന്റ് അംഗങ്ങളെ കാണുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ടോടെ ഒഴിയേണ്ടി വന്ന സമരവേദിയിലേക്ക് രാത്രിയാണ് അഭിജീത്ത് ദീപ്‌കെയും സംഘവും തിരിച്ചെത്തിയത്. പ്രതിഷേധമാര്‍ച്ചായിട്ടായിരുന്നു സംഘത്തിന്റെ തിരിച്ചുവരവ്. ബലപ്രയോഗത്തിലൂടെയായിരുന്നു പൊലീസ് സിജെപി പ്രവര്‍ത്തകരെ നീക്കിയത്. വേദി പൊളിക്കുകയും ചെയ്തിരുന്നു. തിരിച്ചെത്തിയതോടെ പുതിയ സ്റ്റേജ് കെട്ടുകയും ബാനറുകള്‍ പുനഃസ്ഥാപിക്കുകയുമായിരുന്നു.
സമരക്കാരുടെ പ്രതിനിധികള്‍ ഇന്നലെ കേന്ദ്രമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും മൂന്ന് ആവശ്യങ്ങള്‍ അടങ്ങിയ കത്ത് കൈമാറുകയും ചെയ്തിരുന്നു. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുക, സോനം വാങ്ചുക്കിനെ മോചിപ്പിക്കുക, നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളടങ്ങിയ കത്താണ് കൈമാറിയത്. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ആവശ്യം അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാട് അറിയിച്ചാണ് സിജെപി പ്രതിനിധികള്‍ മടങ്ങിയത്.
ഇന്നലെ സംഘര്‍ഷസ്ഥലത്ത് നിന്നും 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഐപിഎസ് റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥരടക്കം 118 പൊലീസുകാര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. 20 വാഹനങ്ങള്‍ നശിപ്പിച്ചുവെന്നും പൊലീസ് അവകാശപ്പെടുന്നു. 130 സിജെപി പ്രവര്‍ത്തകരും 40 പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. എംആര്‍എല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 20 വയസ്സുകാരിക്ക് തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമെന്നാണ് വിവരം.
Content Highlights:modi says neet paper leak accused will be jailed