പെട്രോള്‍ കയറ്റുമതിക്ക് വീണ്ടും നികുതി; ഡീസല്‍, എടിഎഫ് തീരുവ കുറച്ചു

ധനമന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍, ഡീസല്‍ കയറ്റുമതിക്കുള്ള തീരുവ ലിറ്ററിന് 16.5 രൂപയായും എടിഎഫിനുള്ള തീരുവ 16 രൂപയായും നിശ്ചയിച്ചിട്ടുണ്ട്

പെട്രോള്‍ കയറ്റുമതിക്ക് വീണ്ടും നികുതി; ഡീസല്‍, എടിഎഫ് തീരുവ കുറച്ചു
dot image

രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ കയറ്റുമതി നികുതി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പരിഷ്‌കരിച്ചു. ശനിയാഴ്ച പ്രാബല്യത്തില്‍ വന്ന പുതിയ ഉത്തരവുപ്രകാരം, പെട്രോള്‍ കയറ്റുമതിക്കുള്ള പ്രത്യേക അധിക എക്സൈസ് തീരുവ ലിറ്ററിന് 3 രൂപയായി ഉയര്‍ത്തി. അതേസമയം ഡീസലിന്റെയും എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെയും (എടിഎഫ്) കയറ്റുമതി തീരുവ കുറയ്ക്കുകയും ചെയ്തു.

ധനമന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍, ഡീസല്‍ കയറ്റുമതിക്കുള്ള തീരുവ ലിറ്ററിന് 16.5 രൂപയായും എടിഎഫിനുള്ള തീരുവ 16 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. മുമ്പ് ഡീസലിന് 23 രൂപയും എടിഎഫിന് 33 രൂപയുമായിരുന്നു നികുതി. ഇതോടെ ഡീസലിനും വിമാന ഇന്ധനത്തിനുമുള്ള കയറ്റുമതി നികുതിയില്‍ കുറവ് വന്നിരിക്കുകയാണ്.

അതേസമയം, ആഭ്യന്തര ഉപഭോഗത്തിനുള്ള പെട്രോള്‍-ഡീസല്‍ എക്സൈസ് തീരുവയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതിനാല്‍ ഈ തീരുമാനം നേരിട്ട് ആഭ്യന്തര ഇന്ധന വിലകളെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ മുന്‍പന്തിയിലുള്ള ഇന്ത്യ, ശുദ്ധീകരിച്ച എണ്ണ കയറ്റുമതി ചെയ്യുന്നതിലും ലോകത്തെ ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലുണ്ട്.

ആഗോള തലത്തില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ മൂലം ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്. ഉയര്‍ന്ന അന്താരാഷ്ട്ര വിലയില്‍ നിന്ന് എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്ന അധിക ലാഭം നിയന്ത്രിക്കുകയും ആഭ്യന്തര ഇന്ധന ലഭ്യത ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഇന്ധന കയറ്റുമതി തീരുവകള്‍ രണ്ടാഴ്ച ഇടവിട്ട് അവലോകനം ചെയ്യുന്നതാണ് പതിവ്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, എടിഎഫ് എന്നിവയുടെ ശരാശരി വില പരിഗണിച്ചാണ് പുതിയ നിരക്കുകള്‍ നിശ്ചയിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സര്‍ക്കാര്‍ ഡീസലിന്റെയും വിമാന ഇന്ധനത്തിന്റേയും കയറ്റുമതി തീരുവ കുറച്ചിരുന്നെങ്കിലും ഇപ്പോള്‍ പെട്രോളിന് വീണ്ടും നികുതി ഏര്‍പ്പെടുത്തുകയാണ് ചെയ്തത്.

Content Highlights: The Ministry of Finance has notified a hike in Special Additional Excise Duty (SAED) on exports of petroleum products, imposing Rs 3 per litre on petrol, Rs 16.5 per litre on diesel, and Rs 16 per litre on Aviation Turbine Fuel (ATF).

dot image
To advertise here,contact us
dot image