

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎയായിരുന്ന ചന്ദ്രകാന്ത് റാഥിന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന സംശയിച്ച് സിബിഐ. അന്തര്‍സംസ്ഥാന സംഘങ്ങളെ ഉപയോഗിച്ച് നടത്തിയ ക്വട്ടേഷനാണെന്നാണ് പുറത്ത് വരുന്ന വിവരം. ഷാര്‍പ്പ്ഷൂട്ടര്‍മാര്‍, ആയുധങ്ങള്‍, വ്യാജമായി സജ്ജമാക്കിയ വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ എന്നിവയ്‌ക്കെല്ലാം ചേര്‍ത്ത് ഒരു കോടിയോളം രൂപ ചെലവാക്കിയതായാണ് വിവരം.
സിബിഐയുടെ പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം ഫോറന്‍സിക്ക് വിദഗ്ധരും ചൊവ്വാഴ്ച പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പാര്‍ഗനാസ് ജില്ലയിലുള്ള കൊലപാതക നടന്ന പ്രദേശം സന്ദര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന തെളിയിക്കാനുള്ള ശ്രമത്തിലാണെന്ന് പൊലീസില്‍ നിന്നുള്ള വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
മെയ് ആറിനാണ് മധ്യംഗ്രാമിലെ പൊതുനിരത്തില്‍ വച്ച് എസ്‌യുവില്‍ ഇരിക്കുകയായിരുന്ന രഥിനെ അജ്ഞാതരായ കൊലയാളികള്‍ വെടിവെച്ചത്. ഡൊഹാരിയ ലെയിനില്‍ സ്വന്തം വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നും 7 കിലോമീറ്റര്‍ അകലെയാണ് സംഭവം. ആക്രമണത്തിന് ശേഷം കൊലയാളികള്‍ സഞ്ചരിച്ചിരുന്ന സില്‍വര്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പിന്നാലെ ഇവര്‍ ഒരു ചുവന്ന കാറിലും മോട്ടോര്‍സൈക്കിളുകളും മാറിമാറി ഉപയോഗിച്ചു.
പ്രതികൾ ഉപയോഗിച്ച രണ്ട് മോട്ടോര്‍സൈക്കിളുകള്‍ പിന്നീട് കണ്ടെത്തിയിരുന്നു. ഒന്ന് സംഭവസ്ഥലത്ത് നിന്നും മറ്റൊന്ന് 6 കിലോമീറ്റര്‍ അകലെ ബാരാസാത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ വ്യാജമാണ്. ഇവയുടെ എഞ്ചിന്‍, ചേസിസ് നമ്പറുകളും വ്യാജമാണ്. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസത്തിനുള്ളിലായിരുന്നു സംഭവം.
ഡിഐജി പങ്കജ് കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം പ്രദേശത്ത് പരിശോധനകള്‍ക്കായി മണിക്കൂറുകള്‍ ചെലവഴിച്ചിരുന്നു. സെന്‍ട്രല്‍ ഫോറന്‍സിക്ക് സയന്‍സ് ലാബോറട്ടറി ഉദ്യോഗസ്ഥർ പുതിയ രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. പ്രദേശത്ത് പൊലീസ് ബാരിക്കേഡ് നിരത്തി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടന്നുപോകുന്ന വാഹനങ്ങളെല്ലാം കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
അനധികൃത വിപണയില്‍ പത്തുലക്ഷം വരെ വിലമതിക്കുന്ന രണ്ട് വെടിക്കോപ്പുകളാണ് കൊലപാതകത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഷാര്‍പ്പ്ഷൂട്ടര്‍മാരെ നിയോഗിക്കാനും, റാഥിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും, രക്ഷപ്പെടാനായി ഒന്നിലധികം വാഹനങ്ങള്‍ സജ്ജീകരിച്ചതുമെല്ലാം ഒരു കോടിയിലധികം തുക ചെലവഴിച്ചിട്ടാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആര്, എന്തിന് ഇത്രയും പണം ചെലവാക്കി എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെ ചോദ്യം.തിങ്കളാഴ്ചയാണ് സിബിഐ പശ്ചിമബംഗാള്‍ പൊലീസില്‍ നിന്നും അന്വേഷണം ഏറ്റെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി.
Content highlights: The CBI has suspected that a Rs 1 crore conspiracy was behind the murder of Suvendu Adhikari’s personal assistant.