

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പതിറ്റാണ്ടുകൾ നീണ്ട ദ്രാവിഡ രാഷ്ട്രീയ പാർട്ടികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് വിജയ് നടത്തിയത് വന്‍ പടയോട്ടം. കേവലം രണ്ട് വർഷങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടിവികെ) 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മാസ് എന്‍ട്രി നടത്തിയെങ്കിലും മുഖ്യമന്ത്രിയാകണമെങ്കില്‍ മറ്റ് കക്ഷികളുടെ പിന്തുണ വിജയ്ക്കും പാർട്ടിക്കും വേണം.
ആകെയുള്ള 234 സീറ്റുകളിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യയിലേക്ക് എത്താൻ ടിവികെയ്ക്ക് 10 എംഎല്‍എമാരുടെ കൂടെ പിന്തുണ വേണം. ഡി എം കെ, എ ഐ എഡി എം കെ ഒഴികേയുള്ള ചെറുപാർട്ടികളെ കൂടെ നിർത്താനാണ് വിജയ് ശ്രമിക്കുന്നത്. സി പി ഐ, സി പി എം എന്നീ ഇടത് പാർട്ടികളുടെ പിന്തുണ ടിവികെ ഔദ്യോഗികമായി തേടിക്കഴിഞ്ഞു. രണ്ട് സീറ്റുകൾ വീതം നേടിയ ഇരു പാർട്ടികളും പിന്തുണ നൽകുന്ന കാര്യം ചർച്ച ചെയ്യാൻ ഇന്ന് നിർണ്ണായകമായ നേതൃയോഗങ്ങൾ ചേരും. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റും സി പി ഐ നേതൃയോഗവും എടുക്കുന്ന നിലപാട് സർക്കാർ രൂപീകരണത്തിൽ നിർണ്ണായകമാകും. വിജയ് സർക്കാറിന്‍റെ ഭാഗമായില്ലെങ്കിലും പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന കാര്യവും ഇടത് പാർട്ടികളുടെ പരിഗണനയിലുണ്ട്.
ഇടതുപക്ഷത്തിന് പുറമെ, കോൺഗ്രസ് ഉൾപ്പെടെയുള്ള ഇതര പാർട്ടികളുമായും ടിവികെ ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി കോൺഗ്രസ് നേതൃത്വവുമായി വിജയ് ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിജയ്‌യുടെ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിനൊപ്പം നിൽക്കുന്നത് കോണ്‍ഗ്രസിന് തമിഴ്നാട്ടിലെ തിരിച്ചുവരവിന് സഹായകമാകുമെന്ന വിലയിരുത്തല്‍ ഒരു വിഭാഗം നേതാക്കള്‍ക്കിടയിലുണ്ട്. ടിവികെയെ പിന്തുണയ്ക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട് തമിഴ്നാട് കോണ്‍ഗ്രസ് നേതൃത്വം ദേശീയ നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ ടിവികെയ്ക്കും വിജയ്ക്കും അഭിനന്ദനങ്ങളുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു.
ടിവികെ കഴിഞ്ഞാല്‍ 59 സീറ്റുകളുമായി ഡിഎംകെയാണ് ഏറ്റവും വലിയ കക്ഷി. എഐഎഡിഎംകെ-47, കോണ്‍ഗ്രസ്-5, പിഎംകെ-4, മുസ്ലിംലീഗ്-2, സിപിഐഎം-2, സിപിഐ-2, വിസികെ-2, ബിജെപി-1, ഡിഎംഡിഎ-1, എഎംഎംകെഎംഎന്‍കെ-1 എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ നില. ചെറുകക്ഷികളുടെ പിന്തുണ ഉറപ്പാക്കാനാണ് ശ്രമമെങ്കിലും പി എം കെ, വി സി കെ തുടങ്ങിയ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന പാർട്ടികളെ ഒരേ സഖ്യത്തിൽ കൊണ്ടുവരിക എന്നത് വിജയ്‌ക്ക് വലിയ വെല്ലുവിളിയായിരിക്കും.
അതേസമയം, ടിവികെയെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന കാര്യം എഐഎഡിഎംകെയിലും ചർച്ചയിലുണ്ട്. എന്നാല്‍ ബി ജെ പി വിരുദ്ധ നിലപാടുള്ള ടിവികെയെ പിന്തുണയ്ക്കാൻ എഐഎഡിഎംകെയ്ക്ക് തങ്ങളുടെ എൻഡിഎ സഖ്യം ഉപേക്ഷിക്കേണ്ടി വരുമെന്നതും കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നു. സർക്കാർ രൂപീകരിക്കാൻ ചെറിയ കക്ഷികളുടെ പിന്തുണ മാത്രം മതിയെന്ന രീതിയിലാണ് ടിവികെയിലും ചർച്ചകള്‍ പുരോഗമിക്കുന്നത് ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിൽ നടക്കുന്ന രാഷ്ട്രീയ ചർച്ചകൾ തമിഴ്‌നാടിന്‍റെ സർക്കാർ രൂപീകരണത്തില്‍ നിർണ്ണായകമായി മാറും.
Content Highlights: Vijay’s party, TVK, is reportedly seeking support from Congress and Left parties to secure an absolute majority. The move indicates potential alliance discussions aimed at strengthening numbers for government formation in Tamil Nadu, reflecting evolving political dynamics after the elections.