

തിരുവനന്തപുരം: അട്ടിമറിയിലൂടെ ചുവപ്പുകോട്ടയായ ചിറയിന്‍കീഴ് പിടിച്ചെടുത്ത് രമ്യ ഹരിദാസ്. അവസാന നിമിഷം വരെയും ഉദ്വേഗം നിറഞ്ഞ മത്സരത്തിനൊടുവിലാണ് വിജയം. സിപിഐയുടെ മനോജ് ബി ഇടമനയെ 1422 വോട്ടുകള്‍ക്കാണ് രമ്യ പരാജയപ്പെടുത്തിയത്.
2011ല്‍ മണ്ഡലം രൂപവത്കരിച്ചതിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ വിജയമാണിത്. മണ്ഡല രൂപവത്കരണം നടന്നശേഷമുള്ള മൂന്ന് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനൊപ്പമായിരുന്നു വിജയം.
2021ല്‍ സിപിഐയിലെ വി ശശി കോണ്‍ഗ്രസിലെ ബി എസ് അനൂപിനെ 14017 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2016ലും 2011ലും വി ശശി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയത് 14000ത്തോളം വോട്ടുകളാണ്. അത്തരമൊരു മണ്ഡലമാണ് രമ്യ യുഡിഎഫിന് വേണ്ടി പിടിച്ചെടുത്തത്.
56883 വോട്ടുകളാണ് രമ്യ ഹരിദാസ് നേടിയത്. 55411 വോട്ടുകളാണ് മനോജ് ഇടമന നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി എസ് അനൂപിന് 32920 വോട്ടുകളാണ് ലഭിച്ചത്. പതിനേഴ് റൗണ്ടുകളിലായി നടന്ന വോട്ടെണ്ണലില്‍ കിഴുവിലവും കഠിനംകുളവും അഞ്ചുതെങ്ങ് പഞ്ചായത്തുകളുമാണ് രമ്യയുടെ വിജയത്തിന് അടിത്തറയിട്ടത്.
അഞ്ചുതെങ്ങില്‍ നേരിയ ഭൂരിപക്ഷം ഉറപ്പിച്ചെങ്കിലും കടയ്ക്കാവൂരിലും ചിറയിന്‍കീഴിലും മുദാക്കലിലും അഴൂരിലും കോണ്‍ഗ്രസ് പിന്നോട്ടു പോകുകയായിരുന്നു. കിഴുവിലത്തെ നേരിയ ഭൂരിപക്ഷവും മംഗലപുരത്തും കടയ്ക്കാവൂരില്‍ ഒപ്പത്തിനൊപ്പം നിന്നതും രമ്യ സഹായിച്ചു. കഠിനംകുളത്തെ വലിയ ഭൂരിപക്ഷം രമ്യയെ ചെറിയ വോട്ടിനെങ്കിലും വിജയിപ്പിച്ചു.
Content Highlights: Ramya Haridas captures Chirayinkeezhu, a traditional Left stronghold