ബംഗാളില്‍ മമതയെ തോല്‍പിക്കാന്‍ സിപിഐഎം ബിജെപിക്ക് വോട്ട് മറിച്ചു, നന്ദി: സുവേന്ദു അധികാരി

ഭവാനിപൂരില്‍ തന്നെ ജയിപ്പിച്ചത് സിപിഐഎം വോട്ടര്‍മാരാണെന്നും സുവേന്ദു അധികാരി

ബംഗാളില്‍ മമതയെ തോല്‍പിക്കാന്‍ സിപിഐഎം ബിജെപിക്ക് വോട്ട് മറിച്ചു, നന്ദി: സുവേന്ദു അധികാരി
dot image

കൊല്‍ക്കത്ത: സിപിഐഎം വോട്ട് മറിച്ച് തന്നുവെന്ന് ബംഗാളിലെ മുതിര്‍ന്ന ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. ബംഗാളില്‍ മമതയെ തോല്‍പിക്കാന്‍ സിപിഐഎം ബിജെപിക്ക് വോട്ട് മറിച്ചു. ഭവാനിപൂരില്‍ തന്നെ ജയിപ്പിച്ചത് സിപിഐഎം വോട്ടര്‍മാരാണ്. സിപിഐഎമ്മിന്റെ ശക്തരായ എല്ലാ അനുയായികളും തനിക്ക് വോട്ട് ചെയ്തു. ഭവാനിപൂരില്‍ 10,000 വോട്ടുകളെങ്കിലും തനിക്ക് നല്‍കി. സിപിഐഎമ്മിലെ വോട്ടര്‍മാരോട് നന്ദി അറിയിക്കുന്നുവെന്നും സുവേന്ദു അധികാരി പറഞ്ഞു.

അതേസമയം, ബംഗാളില്‍ ബിജെപി മുന്നേറ്റത്തോടെ മമതയുടെ കസേരയില്‍ ഇനി ആര് ഇരിക്കുമെന്ന ആകാംക്ഷയാണ് നിലനില്‍ക്കുന്നത്. 200ലധികം സീറ്റുകള്‍ നേടി പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തുമെന്ന മമത ബാനര്‍ജിയുടെ ആത്മവിശ്വാസം തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ബിജെപി അധികാരത്തിലേക്ക് എത്തുന്നത്. പിന്നാലെ ബംഗാളില്‍ ആരാകും ബിജെപിയുടെ മുഖ്യമന്ത്രി എന്ന ചര്‍ച്ചയും സജീവമായിരിക്കുകയാണ്.

കേന്ദ്രത്തിലും രാജ്യത്തെ പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ എത്തിയെങ്കിലും ബംഗാളില്‍ അധികാരം പിടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ബിജെപി. ഇപ്പോള്‍ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചതിന് പിന്നാലെ ഡല്‍ഹിയിലേതിന് സമാനമായി ഇവിടെയും വനിതാ നേതാവാകും മുഖ്യമന്ത്രി എന്ന നിലയിലാണ് ചര്‍ച്ചകള്‍. ആഭ്യന്തരമന്ത്രി അമിതാ ഷാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടയില്‍ അധികാരത്തിലെത്തിയാല്‍ ഒരു ബംഗാളിയെ തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.

അതിനിടയില്‍ കേന്ദ്രമന്ത്രി സുഖന്ദ മജുംദാര്‍, ഒരു മാംസാഹാരിയായിരിക്കും ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയെന്നും പറഞ്ഞിരുന്നു. ബിജെപി അധികാരത്തില്‍ എത്തിയാല്‍ മത്സ്യവും മാംസവും നിരോധിക്കുമെന്ന മമതയുടെ വാദത്തിന് പിന്നാലെയായിരുന്നു ഈ അഭിപ്രായപ്രകടനം.

വനിതാ സംവരണ ഭേദഗതി ബില്ലില്‍ തിരിച്ചടിയേറ്റ സാഹചര്യത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി നടത്തിയ വാഗ്ദാനവും കണക്കിലെടുക്കുമ്പോള്‍ ഡല്‍ഹിയില്‍ രേഖ ഗുപ്തയ്ക്ക് പിന്നാലെ ബിജെപിയുടെ അടുത്ത വനിതാ മുഖ്യമന്ത്രി ബംഗാളിലായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. വനിതാ നേതാക്കളില്‍ അഗ്നിമിത്ര പോള്‍, രൂപ ഗാംഗുലി എന്നിവരുടെ പേരാണ് ഉയരുന്നത്. ഇവര്‍ക്ക് പുറമേ സുവേന്ദു അധികാരി, സമിക്ക് ഭട്ടാചാര്യ, നിസിത് പ്രമാണിക്, ദിലീപ് ഘോഷ് എന്നിവരെയും പരിഗണിക്കുന്നുണ്ട്.

സുവേന്ദു അധികാരി മമതയുമായി ഏറ്റവും അടുപ്പമുള്ള ടിഎംസി നേതാവായിരുന്നു. പിന്നീട് ബിജെപിയിലെത്തി അദ്ദേഹം രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മമതയെ മത്സരിച്ച് തോല്‍പ്പിച്ചു. 2021ല്‍ നന്ദിഗ്രാമിലും 2026ല്‍ ഭവാനിപൂരിലും മമതയെ അടിയറവ് പറയിച്ചു. അടിത്തട്ടില്‍ പ്രവര്‍ത്തനം നടത്തി സംഘടനാ മികവിലൂടെയാണ് സുവേന്ദുവിന്റെ പ്രവര്‍ത്തനം. 

Content Highlights: west bengal politics suvendu adhikari says cpim helped bjp against mamata banerjee

dot image
To advertise here,contact us
dot image