

2026 ഐപിഎൽ സീസണിൽ രാജസ്ഥാന്‍ റോയല്‍സിനായി ടെസ്റ്റ് ശൈലിയിലുള്ള സ്ലോ ബാറ്റിങ് കാഴ്ചവയ്ക്കുന്ന രവീന്ദ ജഡജയ്‌ക്കെതിരേ തുറന്നിടിച്ച് ഇന്ത്യൻ മുന്‍ താരം രവിചന്ദ്രൻ അശ്വിന്‍. ടി20യില്‍ പ്രഹരശേഷി വര്‍ധിപ്പിക്കുന്നതിനായി പറഞ്ഞുകൊടുത്ത ഉപദേശം കേള്‍ക്കാന്‍ താരം തയ്യാറാവുന്നില്ലെന്നും അശ്വിൻ വിമര്‍ശിക്കുന്നു. ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍സ് - ഡല്‍ഹി ക്യാപ്പിറ്റല്‍സ് മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലിലെ ആഷ്‌കി ബാത്തെന്ന ഷോയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രവീന്ദ്ര ജഡേജയ്‌ക്കെതിരേ ആര്‍ അശ്വിന്‍ രംഗത്തുവന്നത്.
'ആരു പറഞ്ഞിട്ടും ടി20യില്‍ ബാറ്റിങ് സമീപനം മാറാന്‍ ജഡേജ തയ്യാറാവുന്നില്ല, ഇതാണ് അദ്ദേഹത്തെ ബാറ്റിങില്‍ പുറകിലേക്ക് വരുന്നതെന്നും അശ്വിൻ കുറ്റപ്പെടുത്തി. പരിശീലകർ ഉൾപ്പെടെ ഒരുപാട് പേര്‍ രവീന്ദ്ര ജഡേജയോട് ബാറ്റിങിനെകുറിച്ച് ഒരുപാട് സംസാരിച്ച് കഴിഞ്ഞു. സ്പിന്നര്‍മാരെ കൂടുതല്‍ അഗ്രസീവായി നേരിടാനാണ് അവരെല്ലാം ജഡേജയോട് ഉപദേശിച്ചത്', അശ്വിൻ വ്യക്തമാക്കി. അതേസമയം, ജഡേജ ഇതൊന്നും കേൾക്കാൻ തയ്യാറാകുന്നില്ലെന്നും അശ്വിൻ വിമർശനമുയർത്തി.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇതിഹാസ താരം എംഎസ് ധോണിയുടെ ബാറ്റിങ് ശൈലിയുമായാണ് ജഡേജയുടെ ഇപ്പോഴത്തെ സമീപനത്തെ അദ്ദേഹം താരതമ്യം ചെയ്തത്. ആധുനിക ടി20 ഗെയിമില്‍ അവരുടെ ഈ ശൈലി കാലഹരണപ്പെട്ടതാണെന്നും അശ്വിന്‍ പരിഹസിച്ചു. 'എംഎസ് ധോണിയുടെ അതേ മനോഭാവം തന്നെയാണ് രവീന്ദ്ര ജഡേജയ്ക്കുള്ളത്. ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനൊപ്പം ഒരുപാട് വര്‍ഷങ്ങള്‍ കളിച്ചതിനാല്‍ ആ ശൈലി ജഡേജയെയും സ്വാധീനിച്ചിരിക്കാം. ഗെയിമിനെ കൂടൂതല്‍ ഡീപ്പിലേക്ക് കൊണ്ടുപോയതിന് ശേഷം പേസര്‍മാരെ ലക്ഷ്യമിടുകയെന്നതാണ് രണ്ടുപേരുടെയും ശൈലി', അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
Content highlight: R Ashwin on Ravindra Jadeja's performance in IPL 2026