

ചെന്നൈ/കൊല്‍ക്കത്ത: തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പോളിങ്. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കനുസരിച്ച് തമിഴ്‌നാട്ടില്‍ 84.41 ശതമാനവും ബംഗാളില്‍ 91.46 ശതമാനം പോളിങുമാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കില്‍ മാറ്റം വരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എസ്‌ഐആര്‍ തന്നെയാണ് രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടര്‍മാരുടെ പങ്കാളിത്തം ഉയര്‍ന്നതിനുള്ള പ്രധാന കാരണമെന്നാണ് സൂചന
തമിഴ്‌നാട്ടില്‍ 1977ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണ് രേഖപ്പെടുത്തിയത്. 2021നെ അപേക്ഷിച്ച് പോളിങ് ഉയര്‍ന്നു. കരൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കരൂരില്‍ 91.97 ശതമാനം പോളിങാണ് രേഖപ്പെടുക്കിയത്. സേലത്ത് 90.23 ശതമാനവും ധര്‍മ്മപുരിയില്‍ 89.91 ശതമാനം പോളിങും രേഖപ്പെടുത്തി. ഈറോഡില്‍ 89.81 ശതമാനമാണ് പോളിങ്. നാമക്കലില്‍ 89.47 ശതമാനം പോളിങും രേഖപ്പെടുത്തി. മൂന്ന് ജില്ലകളില്‍ കുറഞ്ഞ പോളിങാണ് രേഖപ്പെടുത്തിയത്.
കന്യാകുമാരി-75.48%, ശിവഗംഗ-76.13%, നാമനാഥപുരം-76.23% എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.
തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളില്‍ 152 മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ബംഗാളില്‍ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 29ന് നടക്കും.
Content Highlights- Tamil Nadu and West Bengal reported record polling during the election, with West Bengal registering more than 90 percent voter turnout