റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറും; തീരുമാനം ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ

ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ എണ്ണ കമ്പനികളാണ് റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്നും പിന്മാറുന്നത്

റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറും; തീരുമാനം ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ
dot image

ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ പിന്‍വാങ്ങുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ എണ്ണ കമ്പനികളാണ് പിന്മാറുന്നത്. ഇന്ത്യ- യുഎസ് വ്യാപാര കരാറിലെ സംയുക്ത പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യയുടെ പുതിയ നീക്കം. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നെങ്കിലും ഇന്ത്യന്‍ എണ്ണ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചിരുന്നു.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാമെന്ന ഇന്ത്യയുടെ ഉറപ്പിന് പിന്നാലെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം അധിക തീരുവ അമേരിക്ക പിന്‍വലിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് അധിക തീരുവ പിന്‍വലിച്ച് പ്രസ്താവന പുറത്തിറക്കിയത്. ഇന്ത്യ നേരിട്ടോ അല്ലാതെയോ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തുമെന്ന് ഉറപ്പ് നല്‍കിയെന്നും പകരം അമേരിക്കയില്‍ നിന്നുള്ള ഊര്‍ജ ഉത്പന്നങ്ങള്‍ വാങ്ങാന്‍ സമ്മതിച്ചതായും ട്രംപ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അതേസമയം ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണെന്ന് വ്യക്തമാക്കി സിപിഐഎം പോളിറ്റ് ബ്യൂറോ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയ്ക്ക് വലിയ ഇളവുകള്‍ നല്‍കിയെന്നും ഈ ഇളവുകള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയുണ്ടാക്കുന്നവയാണെന്നും സിപിഐഎം പി ബി പ്രതികരിച്ചു. ഇന്ത്യന്‍ നയങ്ങള്‍ തീരുമാനിക്കുന്നത് അമേരിക്കയാണോ? അമേരിക്കയുടെ ഭീഷണിക്ക് കേന്ദ്രം വഴങ്ങിയത് അങ്ങേയറ്റം നിന്ദ്യമാണ്. കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കണമെന്നും സിപിഐഎം പിബി ചൂണ്ടിക്കാണിച്ചു.

അതേസമയം, വ്യാപാരകരാറിൽ പ്രതിഷേധവുമായി കർഷക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഫെബ്രുവരി 12ന് രാജ്യമൊട്ടാകെ പ്രതിഷേധിക്കുമെന്നാണ് സംയുക്ത കിസാൻ മോർച്ച ഉൾപ്പടെയുള്ള കർഷക സംഘടനകൾ അറിയിച്ചത്. കരാർ ഇന്ത്യൻ കൃഷിമേഖലയെ കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്നാണ് കർഷക സംഘടനകളുടെ ആരോപണം. കാലിത്തീറ്റ, സോയാബീൻ ഓയിൽ, പഴങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറക്കുന്നത് ഇന്ത്യൻ കർഷകരെ ദോഷകരമായി ബാധിക്കുമെന്നും ആരോപിച്ചു. കൃഷി, ക്ഷീര മേഖലകളെ കരാറിൽ നിന്ന് ഒഴിവാക്കുമെന്ന് വാഗ്ദാനം നൽകി വാണിജ്യ മന്ത്രി പീയുഷ് ഗോയൽ കർഷകരെ വഞ്ചിച്ചുവെന്നും കർഷക സംഘടനകൾ പറഞ്ഞു. പ്രതിഷേധക്കാർ വാണിജ്യ മന്ത്രി പീയുഷ് ഗോയൽ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. ട്രേഡ് യൂനിയനുകൾ 12ന് പ്രഖ്യാപിച്ച പൊതുപണിമുടക്കിനും കർഷക സംഘടനകൾ പൂർണ പിന്തുണ നൽകിയിട്ടുണ്ട്.

ഇന്നലെയായിരുന്നു ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. കരാര്‍ യാഥാര്‍ത്ഥ്യമായതോടെ അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന തീരുവ 18 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. തുണിത്തരങ്ങള്‍, ചെരുപ്പ് തുടങ്ങിയ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ തീരുവ കുറയ്ക്കാനും ധാരണയുണ്ട്.

Content Highlight; Indian oil companies are withdrawing from buying Russian oil. Reports indicate that Indian companies will not buy Russian oil in March and April. Oil companies Indian Oil, Bharat Petroleum and Reliance Industries are withdrawing.

dot image
To advertise here,contact us
dot image