

ന്യൂ ഡൽഹി: 2025 നവംബറിൽ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി സുപ്രീംകോടതിയിൽ. തെരഞ്ഞെടുപ്പിൽ വൻ തോതിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചാണ് പാർട്ടി സുപ്രീംകോടതിയെ സമീപിച്ചത്.
ഗുരുതരമായ ആരോപണങ്ങളാണ് പാർട്ടി ഉന്നയിക്കുന്നത്. മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയിലേക്ക് പുതിയതായി ഗുണഭോക്താക്കളെ ചേർക്കുകയും തെരഞ്ഞെടുപ്പിന്റെ സമയത്ത് സ്ത്രീ വോട്ടർമാർക്ക് 10,000 രൂപ നൽകിയതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനായി ഭരണഘടന നൽകുന്ന ഉറപ്പിന്റെ ലംഘനമാണ് ഇതെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ഇതിലൂടെ ബിഹാർ ഭരണകൂടം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കാര്യങ്ങളാണ് ചെയ്തത് എന്നും ഹർജിയിൽ പറയുന്നുണ്ട്.
സ്ത്രീവോട്ടർമാർക്ക് പണം നൽകിയത് ഭരണഘടനയുടെ 14, 21, 112, 202, 324 എന്നീ വകുപ്പുകളുടെ ലംഘനമാണ് എന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭരണഘടനയിലെ 324, ജനപ്രാതിനിധ്യ നിയമത്തിലെ 123 വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ഇതിനെല്ലാം പുറമെ ജീവിക പദ്ധതിക്ക് കീഴിൽ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട 1.80 ലക്ഷത്തോളം വനിതാ ഗുണഭോക്താക്കളെ തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലായി വിന്യസിച്ചതിനെയും ഹർജി ചോദ്യം ചെയ്യുന്നുണ്ട്. ഇവയെല്ലാം പരിഗണിച്ച് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് പാർട്ടി ഹർജിയിൽ ആവശ്യപ്പെടുന്നത്.
നേരത്തെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നതായി ആരോപിച്ച് പ്രശാന്ത് കിഷോർ രംഗത്തുവന്നിരുന്നു. എന്തൊക്കെയോ ചിലത് സംഭവിച്ചിട്ടുണ്ട് എന്നും വോട്ടിംഗ് ട്രെൻഡും തങ്ങളുടെ പാർട്ടി പ്രവർത്തകർക്ക് ലഭിച്ച പ്രതികരണങ്ങളും തമ്മിൽ വലിയ അന്തരമാണുള്ളത് എന്നും പ്രശാന്ത് കിഷോർ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി സീറ്റുകളൊന്നും നേടിയിരുന്നില്ല.
Content Highlights: Prashant Kishor’s Jan Suraj Party approached the Supreme Court seeking the cancellation of the Bihar assembly elections held in November 2025. The party alleged widespread irregularities and electoral malpractice during the polls