

ഇംഫാല്‍: മണിപ്പൂരിൽ നീണ്ട ഒരു വർഷത്തെ രാഷ്ട്രപതി ഭരണം പിൻവലിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ബിജെപി നിയമസഭാ കക്ഷി നേതാവ് യുംനാം ഖേംചന്ദ് സിംഗ് ഇന്ന് വൈകുന്നേരം 6 മണിക്ക് മണിപ്പൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സംസ്ഥാന ബിജെപി അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് ലോക് ഭവനിൽ നടക്കും. ബിജെപി മണിപ്പൂർ എന്ന് എക്സ് പോസ്റ്റിലൂടെയാണ് മണിപ്പൂർ ബിജെപി നേതൃത്വം ഇക്കാര്യം അറിയിച്ചത്. ഇതോടെ മണിപ്പൂരിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലേറും. ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിൽ യുംനാം ഖേംചന്ദിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.
ആഭ്യന്തര കലാപത്തെ തുടർന്ന് ഏകദേശം ഒരു വർഷ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലായിരുന്നു.
രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ സർക്കാർ ഫെബ്രുവരി 12ന് അധികാരമേൽകുമെന്നാണ് റിപ്പോർട്ട്. മെയ്തേയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് ബിരേൻ സിങ് മന്ത്രിസഭയിലെ വിദ്യാഭ്യാസ- പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായിരുന്നു. 2022 ൽ സിൻഗ്ജാമെയ് മണ്ഡലത്തിൽ നിന്നാണ് യുംനാം തെരഞ്ഞെടുക്കപ്പെട്ടത്. 2017ലും ഇതേ മണ്ഡലത്തിൽ നിന്ന് യുംനാം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിപ്പൂർ അസംബ്ലി സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരി ഒൻപതിനാണ് മണിപ്പൂർ മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ് രാജിവച്ചത്. മണിപ്പൂരിൽ കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന സംഘർഷ സാഹചര്യം കണക്കിലെടുത്തായിരുന്നു ബിരേൻ സിങിൻ്റെ രാജി. മേഘാലയ മുഖ്യമന്ത്രിയായ കോൺറാഡ് കെ സാംഗ്മയുടെ എൻപിപി, ബിജെപി സർക്കാരിന് നൽകി വന്ന പിന്തുണ പിൻവലിച്ചിരുന്നു. സംസ്ഥാനത്തെ സംഘർഷാവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ബിരേൻ സിങ് പൂർണപരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.
മണിപ്പൂർ നിയമസഭയിൽ 37 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ അഞ്ചും ജെഡിയുവിന്റെ ഒരു എംഎൽഎയും ബിജെപിയെ പിന്തുണയ്ക്കുന്നു. 16 സീറ്റുകളാണ് പ്രതിപക്ഷത്തിനുള്ളത്.
Content Highlights: President's Rule lifted in Manipur nearly a year after it was imposed