

ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിനിടെ ലോക്‌സഭയിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ വിശദീകരിച്ച് കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ. 140 കോടി ജനങ്ങൾക്ക് വേണ്ടി ഊർജ സുരക്ഷ ഉറപ്പാക്കാൻ കരാറിലൂടെ സാധിക്കുമെന്നും കാർഷിക മേഖലയുടെയും ക്ഷീരമേഖലയുടെയും താൽപര്യങ്ങൾ ഹനിക്കില്ലെന്നും പീയുഷ് ഗോയൽ പറഞ്ഞു. രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കലാണ് കരാറിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ കയറ്റുമതി രംഗത്തിന് ഗുണം ചെയ്യുന്നതും മെയ്ക്ക് ഇൻ ഇന്ത്യ, ഡിസൈൻ ഇൻ ഇന്ത്യ പോലുള്ള പദ്ധതികളെ ആഗോള തലത്തിൽ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇന്ത്യ-യുഎസ് വ്യാപാര കരാറെന്ന് പീയുഷ് ഗോയൽ പറഞ്ഞു. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും ഗുണകരമാകുന്നതാണ് കരാറെന്നും ഇത് രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള കരാറാണിതെന്നും പീയുഷ് ഗോയൽ പറഞ്ഞി. ഇന്ത്യക്ക് മേലുള്ള യുഎസ് തീരുവ മറ്റ് രാജ്യങ്ങളെക്കാൾ കുറവാണെന്നും ഗോയൽ വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷം ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്ററുകളുമായി പ്രതിഷേധിക്കുകയും ശബ്ദമുയർത്തുകയും ചെയ്തു. 'പി എം കോംപ്രമൈസ്ഡ്' എന്നെഴുതിയ പോസ്റ്ററുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ സറണ്ടർ മോദിയെന്ന് ആർത്തുവിളിക്കുകയും ചെയ്തു. മുഴുവൻ പ്രതിപക്ഷ അംഗങ്ങളും നടുത്തളത്തിലിറങ്ങി. ഇന്ത്യ-യുഎസ് വ്യാപാര കരാർ സംബന്ധിച്ച് പ്രധാനമന്ത്രി തന്നെ വിശദീകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഇത് സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസുകൾ തള്ളുകയായിരുന്നു. പ്രധാനമന്ത്രിക്ക് സഭയിലെത്താൻ ഭയമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ രണ്ട് മണിവരെ നിർത്തിവെച്ചു.
Content Highlight: central minister piyush goyal hails india- us trade deal amid oppositionprotest in loksabha