നരവനെയുടെ പുസ്തകം കേന്ദ്രസർക്കാരിനെതിരോ?; രാഹുൽ പരാമർശിച്ച പുസ്തകം ഇനിയും വെളിച്ചംകാണാത്തത് എന്തുകൊണ്ട്?

2020ലെ ഇന്ത്യ-ചൈന സംഘർഷം, അഗ്നിവീർ പ്രക്രിയ തുടങ്ങിയ പ്രധാനപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് നരവനെയുടെ കാലത്താണ്

നരവനെയുടെ പുസ്തകം കേന്ദ്രസർക്കാരിനെതിരോ?; രാഹുൽ പരാമർശിച്ച പുസ്തകം ഇനിയും വെളിച്ചംകാണാത്തത് എന്തുകൊണ്ട്?
dot image

ന്യൂ ഡൽഹി: മുൻ കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉയർത്തിപ്പിച്ച് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ ലോക്സഭയിൽ വലിയ വാദപ്രതിവാദങ്ങൾക്കാണ് വഴിവെച്ചത്. 2020ലെ ഇന്ത്യ-ചൈന സംഘര്‍ഷം ഉന്നയിച്ചാണ് രാഹുൽ പ്രസംഗം നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഭരണപക്ഷത്തുനിന്ന് ഉണ്ടായത്. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. സ്പീക്കർക്ക് സഭ നിർത്തിവെയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു.

മനോജ് നരവനെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തെ ആധാരമാക്കി 'ദി കാരവൻ' പ്രസിദ്ധീകരിച്ച കുറിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു രാഹുൽ പ്രസംഗിച്ചത്. പ്രസിദ്ധീകരിക്കുന്നതിന് മുൻപ് കേന്ദ്രസർക്കാർ ഈ പുസ്‌തകത്തിന് അനുമതി നൽകേണ്ടതുണ്ട്. 2024ലായിരുന്നു പുസ്‌തകം പുറത്തിറങ്ങേണ്ടിയിരുന്നത്. എന്നാൽ ഒരു വർഷത്തിലധികമായി കേന്ദ്രസർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ഈ പുസ്തകം. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കും ഭരണപക്ഷത്തിൻ്റെ പ്രതിരോധശ്രമങ്ങൾക്കുമിടെ പുസ്തകത്തിൽ എന്തൊക്കെ വെളിപ്പെടുത്തലാകും ഉണ്ടാകുക എന്ന ചർച്ചകളും സജീവമായി.

2019 മുതൽ 2022 വരെ കരസേനയുടെ 28-ാം മേധാവിയായിരുന്നു മനോജ് മുകുന്ദ് നരവനെ. 2020ലെ ഇന്ത്യ-ചൈന സംഘർഷം, അഗ്നിവീർ പ്രക്രിയ തുടങ്ങിയ പ്രധാനപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് നരവനെയുടെ കാലത്താണ്. ഇവയെ സംബന്ധിച്ച് ചില കുറിപ്പുകൾ നരവനെയുടെ പുസ്തകത്തിൽ ഉണ്ട് എന്നാണ് 'ദി ഫെഡറൽ' റിപ്പോർട്ട് ചെയ്യുന്നത്. പുസ്തകത്തിലെ ചില ഭാഗങ്ങൾ നേരത്തെതന്നെ ചില മാധ്യമങ്ങളിൽ വന്നിരുന്നു.

ഇന്ത്യ-ചൈന സംഘർഷ സമയത്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായുള്ള സംഭാഷണം പുസ്തകത്തിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2020 ഓഗസ്റ്റ് 31ന് റെചിൻ ലാ പർവ്വതപ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം ഇരച്ചെത്തിയപ്പോൾ താൻ രാജ്‌നാഥ് സിങിനെ വിളിച്ചുവെന്നും നിങ്ങൾക്ക് ശരി എന്ന് തോന്നുന്നത് ചെയ്തോളൂ എന്നാണ് പ്രതിരോധമന്ത്രി പറഞ്ഞതെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ആ രാത്രിയിൽ താൻ വിദേശകാര്യമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, പ്രതിരോധ മേധാവി എന്നിവരെയും വിളിച്ചു എന്നും നരവനെ പറയുന്നുണ്ട്.

ഏറെ വിവാദമായ അഗ്നിപഥ് പദ്ധതിയെക്കുറിച്ചും നരവനെയുടെ പുസ്തകത്തിൽ പരാമർശമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഹൃസ്വകാലത്തേയ്ക്കായി സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്. പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരിൽ എത്ര പേരെ നിലനിർത്തണം എന്ന തീരുമാനത്തെ സംബന്ധിച്ച് പുസ്തകത്തിൽ വെളിപ്പെടുത്തലുകളുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരിൽ 75 ശതമാനം പേരെയും നിലനിർത്താനായിരുന്നു ആദ്യ ഘട്ടത്തിൽ ആലോചിച്ചിരുന്നത്. എന്നാൽ പിന്നീടത് 25 ശതമാനമായി എന്ന് പുസ്തകത്തിൽ പറയുന്നുണ്ട്. 20,000 രൂപയായിരുന്നു അഗ്നിവീറുകൾക്ക് ശമ്പളമായി നൽകാൻ തീരുമാനിച്ചിരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും രാജ്യത്തിനായി ജീവിതം തന്നെ മാറ്റിവെച്ചവരോട് ദിവസവേതനക്കാരോടെന്ന പോലെ പെരുമാറരുത് എന്നും നരവനെ പറഞ്ഞതായി പുസ്തകത്തിൽ പറയുന്നു. പിന്നീട് ഈ സംഖ്യ 30,000 ആക്കി ഉയർത്തുകയായിരുന്നുവെന്നും പുസ്തകത്തിൽ നരവനെ പറയുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Content Highlights: Major Manoj Mukund Naravane’s book faces delay in publication due to lack of approval from the central government, sparking debates over its content and political implications. What is inside the book, which Rahul Gandhi quoted in Loksabha?

dot image
To advertise here,contact us
dot image