

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫോണില്‍ സംസാരിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സ്വന്തം സര്‍ക്കാരിന്റെ വിവരങ്ങള്‍ ഇന്ത്യ അറിയുന്നത് ട്രംപിലൂടെയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു.
ഇന്ത്യയിലെ യു എസ് അംബാസഡറാണ് വിവരങ്ങള്‍ അറിയിച്ചതെന്നും ഇത്തരം പ്രവണതകള്‍ തുടരുകയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. മോദി ട്രംപ് ആശ്രിതനാണെന്നും ജയറാം രമേശ് വിമർശിച്ചു. 'പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും ഇന്ന് സംസാരിച്ചതായി തോന്നുന്നു. ഈ വിവരങ്ങള്‍ ഇന്ത്യ അറിയിച്ചതല്ല, മറിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡറാണ് നല്‍കിയത്. പ്രസിഡന്റ് ട്രംപില്‍ നിന്നോ അദ്ദേഹം നിയമിച്ച പ്രതിനിധികളില്‍ നിന്നോ നമ്മുടെ സര്‍ക്കാരിന്റെ നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നത് പതിവായിക്കൊണ്ടിരിക്കുകയാണ്', അദ്ദേഹം കുറിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചെന്ന് അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ ആണ് ആദ്യം എക്‌സിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു വിമർശനവുമായി ജയറാം രമേശ് രംഗത്തെത്തിയത്.
Content Hioghlights: Congress criticizes PM Narendra Modi on phone call with US President Donald Trump