

ചെന്നൈ: തമിഴ്നാട്ടിൽ സഖ്യം വിപുലീകരിക്കാൻ ഒരുങ്ങി ഡിഎംകെ. ഭരണത്തുടർച്ച ലക്ഷ്യമിട്ട് 21 പാർട്ടികൾ ഉൾപ്പെടുന്ന സഖ്യവുമായി 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഡിഎംകെ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. 2021ൽ 13 പാർട്ടികളുമായിട്ടായിരുന്നു ഡിഎംകെ സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഇതിനിടെ 40 സീറ്റ് ആവശ്യപ്പെട്ട കോൺഗ്രസുമായി സമവായ ചർച്ച നടത്താൻ ഡിഎംകെ നേതൃത്വം കനിമൊഴിയെ ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അന്തിമ ധാരണയിലെത്താൻ കനിമൊഴി ഡൽഹിയിൽ കോൺഗ്രസ് നേതൃത്വവുമായി സംസാരിക്കും. ഇതിനിടെ 2026ലെ തെരഞ്ഞെടുപ്പിൽ ടിവികെയുമായി ചേർന്ന് മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഡിഎംകെ സഖ്യത്തിൽ തുടരണമെന്ന അഭിപ്രായക്കാരാണ് ഹൈക്കമാൻഡിലെ മുതിർന്ന നേതാക്കൾ എന്നും റിപ്പോർട്ടുണ്ട്. ഈ വിഷയങ്ങളെല്ലാം മുൻനിർത്തിയാണ് കോൺഗ്രസ് ദേശീയ നേതൃത്വവുമായി സംസാരിക്കാൻ ഡിഎംകെ നേതൃത്വം കനിമൊഴിയെ ചുമതലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
ഇതിനിടെ 40 സീറ്റിൽ മത്സരിക്കണമെന്ന കോൺഗ്രസിൻ്റെ ആവശ്യം സീറ്റ് വിഭജനത്തിൽ കീറാമുട്ടിയായേക്കും എന്നും റിപ്പോർട്ടുകളുണ്ട്. ടിവികെ സഖ്യത്തിനായി വാദിക്കുന്ന നേതാക്കൾ 40 സീറ്റ് എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകേണ്ട എന്ന നിലപാടുകാരാണ്. 2021ലെ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. 25 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 18 സീറ്റുകളിൽ വിജയിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റും സഖ്യം ഭരണത്തിലെത്തിയാൽ സർക്കാരിൽ പ്രാതിനിധ്യവും കോൺഗ്രസ് ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് ആവശ്യപ്പെട്ട മൂന്ന് മന്ത്രിസ്ഥാനവും മന്ത്രിസഭയിലെ പ്രാതിനിധ്യവും ഡിഎംകെ നിരാകരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഘടകക്ഷികൾക്ക് അധികാരത്തിൽ പ്രാതിനിധ്യം നൽകുമെന്ന് ടിവികെ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഭരണംകിട്ടിയാൽ മന്ത്രി സ്ഥാനം വേണമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിച്ചത്.
Content Highlights: DMK plans to broaden its INDIA bloc alliance in Tamil Nadu for 2026 Assembly elections. Kanimozhi tasked with leading seat-sharing negotiations with Congress amid ongoing discussions. Latest political updates from Tamil Nadu.