

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ ആണ് നേടുന്നത്. WWE പ്രേമികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു അനുഭവമാണ് സിനിമ സമ്മാനിക്കുന്നത് എന്നാണ് റിവ്യൂസ്. സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച വാൾട്ടർ എന്ന കാമിയോ റോൾ കയ്യടികൾ നേടുകയാണ്. ഇപ്പോഴിതാ സിനിമയിലെ അഭിനേതാക്കളായ റോഷനെക്കുറിച്ചും വിശാഖിനെക്കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകൾ ചർച്ചയാകുകയാണ്.
'റോഷന്റെ തോളിലുള്ള മസിൽ കാണണം. ഈ കാണുന്ന പോലെയല്ല. സാധാരണ നടൻമാർ അഭിനയം പ്രാക്ടീസ് ചെയ്യുന്നത് കണ്ടിട്ടുണ്ട് പക്ഷെ കഥാപാത്രത്തിന് വേണ്ടി ഇത്ര എഫേർട്ട് എടുത്ത് ബോഡി ബിൽഡ് ചെയ്യുകയാണ് വിശാഖ് ഒക്കെ. എനിക്കൊന്നും അത് ജന്മത്തിൽ പറ്റില്ല. ഞാൻ ഇപ്പോഴാണ് അത്യാവശ്യം എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങിയത്. അത് ഇല്ലാതെ വഴി ഇല്ല എന്നത് കൊണ്ടാണ്. സത്യം പറഞ്ഞാൽ ഞാൻ അല്ല ഇവരുടെ എനർജി ഇവർ തന്നെയാണ് ഈ സിനിമയുടെ എനർജി', മമ്മൂട്ടിയുടെ വാക്കുകൾ. ചത്താ പച്ചയുടെ സക്സസ് മീറ്റിൽ വെച്ചാണ് മമ്മൂട്ടി ചിരിപ്പിച്ച് വേദിയെ കയ്യിലെടുത്ത്.
രണ്ടു ദിവസം കൊണ്ട് 14 കോടിയാണ് സിനിമയുടെ നേട്ടം. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ് അദ്വൈത് നായർ. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.
Content Highlights: Mammootty talks about body building efforts of actor vishak nair