

ബെംഗളൂരു: യുവതിയുമായി ഓഫീസിൽ അടുത്തിടപഴകുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡിജിപി കെ രാമചന്ദ്ര റാവുവിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ് കർണാടക സർക്കാർ. ഇത് ആദ്യമായല്ല കെ രാമചന്ദ്ര റാവു വിവാദങ്ങളിൽ അകപ്പെടുന്നത്.
റാവുവിന്റെ വളർത്ത് മകളും നടിയുമായ രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും രാമചന്ദ്ര റാവുവിന് എതിരെ വിവാദങ്ങൾ ഉയർന്നിരുന്നു. 34കാരിയായ രന്യ റാവുവിനെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അനധികൃതമായി സ്വർണം കടത്തി എന്നാരോപിച്ച് റവന്യു വകുപ്പ് അറസ്റ്റ് ചെയ്യുന്നത്. അന്ന് 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണ ബാറുകളാണ് രന്യയുടെ കൈയിൽ നിന്ന് റവന്യൂ വകുപ്പ് പിടിച്ചെടുത്തത്. പിറ്റേ ദിവസം രന്യയുടെ ബെംഗളൂരിലുള്ള വസതിയിൽ നടത്തിയ റെയ്ഡിൽ 2.06 കോടിയുടെ സ്വർണാഭരണങ്ങളും 2.67കോടി രൂപയും റവന്യൂ വകുപ്പിന് പിടിച്ചെടുത്തിരുന്നു. വളർത്തച്ഛന്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് പൊലീസ് എസ്കോർട്ട് രന്യ ഉപയോഗിക്കുകയും എയർപോർട്ടിലെ കസ്റ്റംസ് പരിശോധന തടയുകയും ചെയ്തിരുന്നതായും ആരോപണം ഉണ്ടായിരുന്നു.
ഡിജിപി പദവി ലഭിക്കുന്നതിന് മുൻപ് കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനും എംഡിയുമായിരുന്നു കെ രാമചന്ദ്ര റാവു. ഇതിനുമുൻപ് ദക്ഷിണ മേഖല ഐജി ആയിരുന്ന കാലഘട്ടത്തിലും കെ രാമചന്ദ്ര റാവുവിന്റെ പേര് വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. 2014ൽ കോഴിക്കോട് ആസ്ഥാനമായുള്ള ഒരു സ്വകാര്യ ബസ് മൈസൂരിൽ തടഞ്ഞുനിർത്തി നാല് മലയാളി കച്ചവടക്കാരെ കർണാടക ദക്ഷിണ മേഖല പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അനധികൃതമായി പണം സൂക്ഷിച്ചു എന്ന് ആരോപിച്ചായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിന് പിന്നാലെ തങ്ങളിൽ നിന്ന് 2.27 കോടി രൂപ പൊലീസ് മോഷ്ടിച്ചെന്ന് ആരോപിച്ച് മലയാളി കച്ചവടക്കാർ രംഗത്തെത്തി. എന്നാൽ പിടിച്ചെടുത്തത് 20 ലക്ഷം മാത്രമാണെന്നായിരുന്നു കെ രാമചന്ദ്ര റാവു ഉൾപ്പെടെയുള്ള പൊലീസ് സംഘം പറഞ്ഞത്. സംഭവം വിവാദമായതോടെ സിഐഡി സംഘം അന്വേഷണം നടക്കുകയും രാമചന്ദ്ര റാവുവിന്റെ ഭാഗത്ത് വൻ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു.
തുടർച്ചായായി ആരോപണങ്ങൾ ഉയരുന്നതിലൂടെ കർണാടക പൊലീസിലെ വിവാദ 'നായകനാ'ണ് രാമചന്ദ്ര റാവു. ഏറ്റവും ഒടുവിലായി, വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് യുവതിയുമായി ഓഫീസിൽ അടുത്തിടപഴകുന്ന രാമചന്ദ്ര റാവുവിൻ്റെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. എന്നാൽ വീഡിയോ വ്യാജമാണെന്നും എ ഐ ഉപയോഗിച്ച് നിർമിച്ചതാണ് എന്നുമുള്ള വാദമാണ് കെ രാമചന്ദ്ര റാവു ഉയർത്തുന്നത്.
Content Highlights: K. Ramachandra Rao is no stranger to controversy. His name came up in controversies several times while in service.