ബിജെപിയെ നയിക്കാന്‍ നിതിന്‍ നബിന്‍; ഇനി മുതല്‍ താനൊരു പ്രവര്‍ത്തകന്‍ മാത്രമെന്ന് മോദി

ബിജെപിയുടെ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ

ബിജെപിയെ നയിക്കാന്‍ നിതിന്‍ നബിന്‍; ഇനി മുതല്‍ താനൊരു പ്രവര്‍ത്തകന്‍ മാത്രമെന്ന് മോദി
dot image

ന്യൂഡല്‍ഹി: ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായ നിതിന്‍ നബിന്‍ സിന്‍ഹ പാര്‍ട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനായി ചുമതലയേറ്റു. ഇതോടെ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി 45-കാരനായ നിതിന്‍ നബിന്‍ മാറി. അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിതിന്‍ നബിന്‍ മാത്രമാണ് നാമനിര്‍ദേശപത്രിക നല്‍കിയിരുന്നത്. അതിനാല്‍ എതിരില്ലാതെയാണ് തെരഞ്ഞെടുപ്പ് നടന്നത്. നിതിന്‍ നബിനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹമാണ് ഇനി തന്റെ നേതാവെന്നും താനൊരു പ്രവര്‍ത്തകന്‍ മാത്രമാണെന്നും പറഞ്ഞു. കേരളം അടുത്ത തവണ ബിജെപിക്ക് അവസരം നല്‍കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസമായിരുന്നു നിതിൻ നബിന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, ധർമേന്ദ്ര പ്രധാൻ, ഭുപേന്ദ്ര യാദവ്, കിരൺ റിജിജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം. നിതിൻ നബിൻ മാത്രമായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ചത്. തുടർന്ന് ദേശീയ, സംസ്ഥാന കൗൺസിൽ നേതാക്കൾ ഉൾപ്പെടുന്ന ഇലക്ടറൽ സമിതി നിതിൻ നബിനെ അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു.

ദേശീയ അധ്യക്ഷനായുള്ള ജെ പി നദ്ദയുടെ കാലാവധി അവസാനിച്ചതോടെയാണ് നിതിൻ നബിൻ തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് തവണ ബിഹാര്‍ എംഎല്‍എയായ നിതിന്‍ നബിന്‍ ഡിസംബര്‍ 14-നാണ് ബിജെപിയുടെ വര്‍ക്കിങ് പ്രസിഡന്റായി നിയമിതനായത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള താത്പര്യപ്രകാരമായിരുന്നു നിതിനെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ പട്‌നയിലെ ബാങ്കിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ബിഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമാണ് നിതിൻ നബിൻ. അന്തരിച്ച ബിജെപി നേതാവ് നബിന്‍ കിഷോര്‍ സിന്‍ഹയുടെ മകന്‍ കൂടിയാണ്.

എബിവിപിയില്‍ നിന്ന് തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചയാളാണ് നിതിന്‍. അച്ഛന്റെ മരണശേഷം 2000ല്‍ ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കാലെടുത്തുവച്ചു. 2010 മുതല്‍ 2025 വരെ വിജയക്കൊടി പാറിച്ചുകൊണ്ട് തന്നെയായിരുന്നു നിതിന്റെ യാത്ര. ഇക്കാലത്ത് നഗരവികസനം, അടിസ്ഥാന സൗകര്യവികസനം എന്നീ വകുപ്പുകളും നിതിന്‍ കൈകാര്യം ചെയ്തു.

Content Highlights: Nitin Nabin has officially taken charge as the new national president of the Bharatiya Janata Party

dot image
To advertise here,contact us
dot image