

വിജയ് ചിത്രം ജനനായകന്റെ സെൻസർ സർട്ടിഫിക്കറ്റ് വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി. റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ആണോ സിനിമ കണ്ടതെന്നും ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. എല്ലാ ചിത്രങ്ങളും റിവൈസിംഗ് കമ്മിറ്റി കണ്ടു വിലയിരുത്തുന്നത് പ്രായോഗികമല്ലല്ലോയെന്നും മദ്രാസ് ഹൈക്കോടതി സെൻസർ ബോർഡിനോട് ചോദിച്ചു.
ഉപദേശക സമിതി സെന്‍സര്‍ ബോര്‍ഡിനെ സഹായിക്കുകയല്ലേ ചെയ്യുന്നതെന്നും അവരുടെ ശുപാര്‍ശയ്ക്ക് നിയമ പ്രാബല്യമുണ്ടോയെന്നും ഹൈക്കോടതി സെൻസർ ബോർഡിനോട് ആരാഞ്ഞു. വിദഗ്ധ സമിതി സിനിമ കണ്ടതിന് ശേഷം തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന് സമയബന്ധിതമായി കൈമാറിയോ എന്നും ഹൈക്കോടതി ചോദിച്ചു. ഒപ്പം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇതുവരെ തീരുമാനമെടുത്തില്ലല്ലോ എന്നും നിര്‍മാതാക്കളുടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന് സാവകാശം ലഭിച്ചോ എന്നും ഹൈക്കോടതി ചോദിച്ചു. നിലവിൽ ഹൈക്കോടതിയിൽ വാദം തുടരുകയാണ്. അസാധാരണമായ നീക്കമാണ് സെൻസർ ബോർഡിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് എന്നും സിനിമയുടെ നിർമാതാക്കൾ ചൂണ്ടിക്കാട്ടി.
സെൻസർ ബോർഡിൽ നിന്ന് ഇതുവരെ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ നിർമാതാക്കൾ ഉന്നയിച്ച ഹർജി സുപ്രീംകോടതി തള്ളി. നിർമാതാക്കളോട് ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാൻ ആണ് സുപ്രീംകോടതി നിർദേശിച്ചത്.
ജനുവരി 9 നായിരുന്നു ജനനായകന്റെ ആദ്യത്തെ റിലീസ് ഡേറ്റ്. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ നിന്നും സിനിമ മാറ്റിവെച്ചത്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്‍പ്പടെ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഈ ടിക്കറ്റുകള്‍ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.
Content Highlights: Madras High Court has questioned the Censor Board over issues linked to actor Vijay’s film Jananayagan