

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്. നയപ്രഖ്യാപനം വായിക്കാതെ നിയമസഭയില്‍ നിന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇറങ്ങിപ്പോയി. ഗവര്‍ണര്‍ സ്ഥാപിതമായ നിയമങ്ങള്‍ പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച നയപ്രഖ്യാപനം മാത്രമേ വായിക്കാവൂവെന്നും നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പ് സ്പീക്കര്‍ എം അപ്പാവു ആവശ്യപ്പെട്ടിരുന്നു. സഭയ്ക്കുള്ളില്‍ എംഎല്‍എമാര്‍ക്ക് മാത്രമേ അഭിപ്രായം പറയാന്‍ സാധിക്കുകയുള്ളുവെന്നും മറ്റാര്‍ക്കും സാധിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.
പിന്നാലെ തന്റെ പ്രസംഗം തടസപ്പെടുത്തിയെന്ന് ഗവര്‍ണര്‍ ആരോപിച്ചു. നടപടിക്രമങ്ങളില്‍ അതൃപ്തി അറിയിച്ച ഗവര്‍ണര്‍ ദേശീയ ഗാനത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നും വിമര്‍ശിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തന്റെ മൈക്ക് ഇടയ്ക്കിടെ ഓഫാക്കിയിരുന്നുവെന്നും ഗവര്‍ണര്‍ ആരോപിക്കുന്നുണ്ട്.
ഗവര്‍ണര്‍ ഇറങ്ങിപ്പോയതിന് പിന്നാലെ ലോക്ഭവന്‍ വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഗവര്‍ണറുടെ മൈക്ക് ഇടയ്ക്കിടെ ഓഫാക്കിയെന്നും അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിയമസഭ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിച്ചില്ല, നയപ്രഖ്യാപന പ്രസംഗത്തില്‍ വസ്തുതാവിരുദ്ധമായ അവകാശവാദങ്ങള്‍ ഉണ്ട് തുടങ്ങിയ ആരോപണങ്ങള്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ ഇറങ്ങിപ്പോയതിന് 13 കാരണങ്ങള്‍ വ്യക്തമാക്കിയാണ് ലോക്ഭവന്റെ വാര്‍ത്താക്കുറിപ്പ്.
അതേസമയം ഗവര്‍ണറുടെ നടപടി ഖേദകരമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ഗവര്‍ണര്‍ തമിഴ്‌നാട് നിയമസഭയെ അവഹേളിച്ചുവെന്നും സര്‍ക്കാര്‍ നല്‍കിയ പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ചില്ലെന്നും സ്റ്റാലിന്‍ അറിയിച്ചു. പിന്നാലെ നയപ്രഖ്യാപനത്തിന്റെ തമിഴ് പരിഭാഷ സ്പീക്കര്‍ നിയമസഭയില്‍ വായിച്ചു. അതിന് ശേഷമാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. ഇത്തരത്തില്‍ മൂന്നാംതവണയാണ് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നത്.
Content Highlights: Tamil Nadu Governor R N Ravi walked out of the State Assembly without delivering the customary address