'അപകടത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടത്തിന്'; കരൂര്‍ ദുരന്തത്തില്‍ സിബിഐക്ക് മൊഴി നല്‍കി വിജയ്

ദുരന്തവുമായി ബന്ധപ്പെട്ട് 31 ചോദ്യങ്ങളാണ് സിബിഐ വിജയ്ക്ക് മുന്നിൽ വെച്ചത്

'അപകടത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടത്തിന്'; കരൂര്‍ ദുരന്തത്തില്‍ സിബിഐക്ക് മൊഴി നല്‍കി വിജയ്
dot image

ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ മൊഴിയെടുത്ത് സിബിഐ. മൊഴിയെടുപ്പ് അഞ്ച് മണിക്കൂർ നീണ്ടു. പിന്നാലെ വിജയ്‌യുടെ അഭിഭാഷകര്‍ മൊഴിയുടെ പകര്‍പ്പ് പരിശോധിച്ചു. 31 ചോദ്യങ്ങളായിരുന്നു സിബിഐ വിജയ്‌യോട് ചോദിച്ചത്. അപകടത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടത്തിനാണെന്ന് വിജയ് മൊഴി നൽകി. പരിപാടി സംഘടിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും ആൾക്കൂട്ടം ഒഴിവാക്കാനും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാനുമാണ് സ്ഥലത്ത് നിന്ന് മാറിയതെന്നും വിജയ് മൊഴി നൽകി. നാളെയും വിജയ്‌യുടെ മൊഴിയെടുക്കാൻ സിബിഐ തീരുമാനിച്ചിരുന്നു. എന്നാൽ നാളെ ഹാജരാകാൻ സാധിക്കില്ലെന്ന് വിജയ് അറിയിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു വിജയ്‌യുടെ മൊഴിയെടുപ്പ് ആരംഭിച്ചത്. ഉന്നത വ്യക്തികളെ ചോദ്യം ചെയ്യുമ്പോള്‍ നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കാറുണ്ട്. എന്നാല്‍ വിജയ്‌യുടെ മൊഴിയെടുക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിട്ടില്ല. ഈ നടപടി ഒഴിവാക്കിയത് എന്തിനാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ദുരന്തവുമായി ബന്ധപ്പെട്ട് 31 ചോദ്യങ്ങളാണ് സിബിഐ വിജയ്ക്ക് മുന്നിൽ വെച്ചത്. ദുരന്തസ്‌ഥലത്തേക്ക് എത്താൻ വിജയ് ഏഴ് മണിക്കൂറോളം വൈകിയത് എന്തുകൊണ്ട്, അവിടെ ഏർപ്പെടുത്തിയിരുന്ന സുരക്ഷാ ക്രമീകരണങ്ങൾ, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വന്ന വീഴ്‌ചകൾ എന്നിവയെക്കുറിച്ചായിരുന്നു പ്രധാനമായും ചോദിച്ചത്. ഇതിനെല്ലാം വിജയ് മറുപടി നൽകി. ചില കാര്യങ്ങളിലെ വ്യക്തത കുറവ് പരിഗണിച്ചാണ് വിജയ്‌യുടെ മൊഴി വീണ്ടും എടുക്കാൻ സിബിഐ തീരുമാനിച്ചത്. എന്നാൽ തീയതി മാറ്റി നൽകണമെന്ന് വിജയ്‌യുടെ അഭിഭാഷക സംഘം ആവശ്യപ്പെടുകയായിരുന്നു. പൊങ്കൽ ഉത്സവത്തെ തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങേണ്ടതുണ്ടെന്നായിരുന്നു വിജയ്‌യുടെ അഭിഭാഷക സംഘം അറിയിച്ചത്. ഇത് സിബിഐ അംഗീകരിച്ചു.

മൊഴിയെടുപ്പിനായി ഇന്ന് രാവിലെയാണ് വിജയ് ഡല്‍ഹിയിലെത്തിയത്. ടിവികെ നേതാക്കളായ ആദവ് അര്‍ജുന, നിര്‍മില്‍ കുമാര്‍ എന്നിവരും വിജയ്‌ക്കൊപ്പമുണ്ടായിരുന്നു. ഡല്‍ഹി പൊലീസിന്റെ കനത്ത സുരക്ഷയിലാണ് വിജയ് സിബിഐ ആസ്ഥാനത്തേക്ക് എത്തിയത്. കഴിഞ്ഞ ദിവസം പണയൂരിലെ ടിവികെ ആസ്ഥാനത്ത് നിന്ന് വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.

കരൂര്‍ ദുരന്തമുണ്ടായി നാലുമാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് വിജയ് ഒരു അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകുന്നത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘത്തിന് മുന്നില്‍ വിജയ് എത്തിയിരുന്നില്ല. ടിവികെ നേതാക്കളായ ബുസി ആനന്ദ്, നിര്‍മ്മല്‍ കുമാര്‍, ആധവ് അര്‍ജുന എന്നിവരെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.

സെപ്തംബര്‍ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പിന്നീട് മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.

Content Highlight; Actor Vijay was questioned by the CBI in connection with the Karur tragedy. The interrogation took place at the agency’s headquarters in Delhi and lasted around five hours.

dot image
To advertise here,contact us
dot image