

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്‍. ശബരിമല വിഷയത്തില്‍ ഓരോ ഘട്ടത്തിലും നിലപാട് പറഞ്ഞിട്ടുണ്ടെന്നും കുറ്റവാളി ആരായാലും പിടിക്കപ്പെടേണ്ടതാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. അന്വേഷണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകളൊന്നും ഉണ്ടാകില്ല. അന്വേഷണത്തോട് സഹകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ചിലര്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു ടി പി രാമകൃഷ്ണൻ്റെ പ്രതികരണം.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ അടുത്ത് എങ്ങനെ എത്തിയെന്നും ടി പി രാമകൃഷ്ണൻ ചോദിച്ചു. കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്ക് പോലും അവിടെ എത്തിച്ചേരാൻ കഴിയുന്നില്ല. സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് പറയുന്നില്ലെന്ന് പറഞ്ഞ ടി പി രാമകൃഷ്ണൻ, പോറ്റി എങ്ങനെ സോണിയ ഗാന്ധിയുടെ അടുത്തുവരെ എത്തി എന്ന ചോദ്യത്തിന് ഉത്തരം വേണമെന്നും പറഞ്ഞു.
കുറ്റവാളികള്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. കുറച്ച് സമയമെടുത്തായാലും ശബരിമല സ്വര്‍ണക്കൊള്ളയിലെ എല്ലാ വിവരങ്ങളും പുറത്തുവരും. കളവ് പറയാന്‍ എളുപ്പമാണ്. പക്ഷെ സത്യം ചെയ്ത് കാണിച്ച് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അല്‍പം കാലതാമസമുണ്ടാകും. തന്ത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായതിനാലാകാം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആരെയും രക്ഷിക്കാന്‍ സര്‍ക്കാരോ പാര്‍ട്ടിയോ ഉദ്ദേശിക്കുന്നില്ല. തന്ത്രിയെ 'ദൈവതുല്യന്‍' എന്ന് പത്മകുമാര്‍ വിളിച്ചെങ്കില്‍ അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായമാണ് മുന്നണിയുടെ നിലപാടെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മുന്നണിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്ന സ്വാഭാവികമാണ്. ഒരു വീട്ടില്‍ എല്ലാവര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാറുണ്ടല്ലോ. എ കെ ബാലന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞു. ആ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ താല്‍പര്യമില്ല. മാധ്യമങ്ങള്‍ നടത്തുന്ന ചില വ്യാഖ്യാനങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മാറാട് കലാപമുണ്ടായപ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം പോയ ആളാണ് താന്‍. ആന്റണിയോടൊപ്പം പോകാന്‍ കുഞ്ഞാലിക്കുട്ടിക്ക് അനുവദമുണ്ടായിരുന്നില്ല. എന്നാല്‍ അനുവാദമില്ലാതെ തന്നെ പിണറായി വിജയന്‍ പോയി. സമാധാന അന്തരീക്ഷമുണ്ടാക്കാനാണ് അവിടേക്ക് പോയത്. മാറാട് അവസാനിച്ച വിഷയമാണ്, അത് ഉയര്‍ത്തി ഭിന്നതയുണ്ടാക്കാന്‍ താന്‍ തയ്യാറല്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ എൽഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. മൂന്ന് ജാഥകൾ സംഘടിപ്പിക്കാനാണ് തീരുമാനം. വടക്കൻ കേരളത്തിലെ ജാഥ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കും. തെക്കൻ കേരളത്തിലെ ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മധ്യകേരളത്തിലെ ജാഥ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയും നയിക്കുമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.
Content Highlight; TP Ramakrishnan responds to the Sabarimala gold theft case, stating that the they has a clean record and government is cooperating fully with the ongoing investigation