

തൃശൂര്‍: കോണ്‍ഗ്രസിനെ വെട്ടിലാക്കിയ മറ്റത്തൂര്‍ പഞ്ചായത്തില്‍ ഒത്തുതീര്‍പ്പ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കാമെന്ന് ബിജെപി പിന്തുണയോടെ വിജയിച്ച കോൺഗ്രസ് വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസ് വ്യക്തമാക്കി. അതേസമയം, പ്രസിഡന്റ് പദത്തില്‍ നിയന്ത്രണം ഇല്ലെന്ന് വിമതര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇന്നുതന്നെ തീരുമാനം ഉണ്ടായേക്കും.
പാര്‍ട്ടി നിര്‍ദേശിക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ടി എം ചന്ദ്രന്‍ പറഞ്ഞു. ആരാണ് കുതിക്കച്ചവടം നടത്തുന്നത് എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മറ്റത്തൂർ വിഷയം അവസാനിച്ചുവെന്നും തെറ്റുതിരുത്തുന്നത് നല്ല കാര്യമെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയ പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ പാടില്ല. തെറ്റുപറ്റിയെന്ന് ഏറ്റുപറയണം. തെറ്റുതിരുത്തിവരുന്ന ആരെയും പാര്‍ട്ടി സ്വീകരിക്കും. അതാണ് പാര്‍ട്ടി ലൈനെന്നും അദ്ദേഹം പറഞ്ഞു.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയായിരുന്നു. പഞ്ചായത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്.
24 അംഗ പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളുമാണ് ടെസിയെ പിന്തുണച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് നടപടിയെടുത്തിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പില്‍ എന്നിവരെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
എന്നാൽ മറ്റത്തൂരില്‍ ബിജെപിയെ കൂട്ടുപിടിച്ച് അധികാരത്തിലെത്തിയവരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീരുമാനമുണ്ടായാല്‍ അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം മണ്ഡലം, ബ്ലോക്ക് ഭാരവാഹികളുടെ നിലപാട്. ബിജെപിയുടെ കൂടെ ചേര്‍ന്ന് പാര്‍ട്ടിയെ നാണം കെടുത്തിയവരെ തിരിച്ചെടുക്കുന്നതിലുള്ള അതൃപ്തിയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് മറ്റത്തൂര്‍ പഞ്ചായത്തില്‍ ഇവരുണ്ടാക്കിയതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഡിസിസി സെക്രട്ടറി ടി എം ചന്ദ്രന്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും അതുതന്നെ ആവര്‍ത്തിച്ചു. ഡിസിസി നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കാതെ സമാന്തര ഡിസിസിയായാണ് ടി എം ചന്ദ്രന്‍ പ്രവര്‍ത്തിച്ചത്. കെപിസിസി ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ടി എം ചന്ദ്രനെയും ഷാഫി കല്ലുപറമ്പിലിനെയും തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ശാലിനി ജോയ്, മുന്‍ പഞ്ചായത്തംഗം ബെന്നി തൊണ്ടുങ്ങള്‍, ബ്ലോക്ക് സെക്രട്ടറി നൗഷാദ് കല്ലുപറമ്പില്‍, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വി വി പിയൂസ്, ഐഎന്‍ടിയുസി ബ്ലോക്ക് സെക്രട്ടറി തങ്കമണി മോഹന്‍ എന്നിവരാണ് പാര്‍ട്ടിയില്‍ തുടരില്ലെന്ന് അറിയിച്ചത്.
Content Highlights: mattathoor Congress Vice President Noorjahan says he will resign if the party asks him to