

തൃശ്ശൂര്‍: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്യാന്‍ എല്‍ഡിഎഫ് കോഴ വാഗ്ദാനം ചെയ്‌തെന്ന ശബ്ദസംഭാഷണം പുറത്തുവന്നതോടെ ലീഗ് സ്വതന്ത്രന്‍ ഇ യു ജാഫര്‍ ഒളിവില്‍. വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങിയതോടെയാണ് ജാഫര്‍ ഒളിവില്‍ പോയത്. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ജാഫര്‍ എവിടേക്കാണ് പോയതെന്ന് അറിയില്ലെന്നും രാജിവെച്ചശേഷമാണ് പോയതെന്നും കുടുംബം പ്രതികരിച്ചു. ജാഫര്‍ പണം വാങ്ങിയെന്നതില്‍ തര്‍ക്കമില്ലെന്നും സിപിഐഎമ്മിന്റെ ആസൂത്രിത നീക്കമാണിതെന്നും അനില്‍ അക്കര ആരോപിച്ചു. കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നുകിടക്കുന്ന ബ്ലോക്ക് പഞ്ചായത്താണിത്. സിപിഐഎമ്മിന് സ്വാധീനമുള്ള മണ്ഡലമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നും അനില്‍ അക്കര പറഞ്ഞു.
'ജാഫര്‍ പണം വാങ്ങിയെന്നതില്‍ തര്‍ക്കമില്ല. കവര്‍ കൈയ്യിലുണ്ടായിരുന്നു. കൈയ്യില്‍ ഒരു കേക്കും ഉണ്ടായിരുന്നു. കേക്ക് വടക്കാഞ്ചേരി സിഐക്ക് കൈമാറിയാണ് അയാള്‍ പോയത്. സാക്ഷികളുടെ വിവരങ്ങള്‍ കയ്യിലുണ്ട്. എന്റെ പരാതികളൊന്നും വെള്ളത്തില്‍ ആണിയടിച്ചതുപോലെ പോയിട്ടില്ല', അനില്‍ അക്കര റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ചെറുപ്പക്കാരനായ രാഷ്ട്രീയ നേതാവിനെ വിശ്വസിച്ചാണ് ജനം വോട്ട് ചെയ്തത്. കുറ്റബോധം കൊണ്ടാവാം അദ്ദേഹം രാജിവെച്ചത്. ഒന്ന് കണ്ണടച്ചാല്‍ ആര്‍ക്കും അമേരിക്കയില്‍ സെറ്റില്‍ഡ് ആയി ജീവിക്കാം. അതല്ലല്ലോ ചെയ്യേണ്ടത്. മാതൃകയാകേണ്ടയാളല്ലേയെന്നും അനില്‍ അക്കര പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് വിജയിച്ച ഇ യു ജാഫര്‍, കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റായ മുസ്തഫയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു ഇരുവരും തമ്മില്‍ സംഭാഷണമുണ്ടായത്.
'രണ്ട് ഓപ്ഷനാണ് സിപിഐഎം നല്‍കുന്നത്. ഒന്നുകില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകാം, അല്ലെങ്കില്‍ 50 ലക്ഷം രൂപ സ്വീകരിച്ച് സിപിഐഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാം.' ഇതായിരുന്നു സിപിഐഎം നല്‍കിയ ഓഫര്‍. ഇതിന് പിന്നാലെ 50 ലക്ഷം രൂപ വാങ്ങാനാണ് തീരുമാനമെന്ന് ലീഗ് പ്രവര്‍ത്തകന്‍ പാര്‍ട്ടിയെ അറിയിച്ചുവെന്നാണ് സൂചന.
Content Highlights: Wadakkanchery brib vigilance enquiry started in anil akkare compiant