

ചെന്നൈ: തെരഞ്ഞെടുപ്പ് വർഷത്തിൽ തമിഴ്നാട് സർക്കാർ റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുന്ന പൊങ്കൽ കിറ്റിൽ എത്ര പണം സമ്മാനമായി ഉണ്ടാകുമെന്ന ചർച്ചകളാണ് ഉയരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം 2025ലെ പൊങ്കൽ കിറ്റിൽ നിന്ന് പണം ഒഴിവാക്കിയിരുന്നു. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് വർഷത്തിൽ പണമില്ലാതെ പൊങ്കൽ കിറ്റ് നൽകുന്നത് തിരിച്ചടിയാകുമെന്നാണ് ഡിഎംകെ നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ഇതിന് ചുടവ് പിടിച്ചാണ് ഇത്തവണ പൊങ്കൽ സമ്മാനമായി പണം നൽകിയേക്കുമെന്ന മന്ത്രി ആർ ഗാന്ധി പറഞ്ഞതെന്നാണ് കരുതപ്പെടുന്നത്. ഒരു കിലോ വീതം, പച്ചരി, പഞ്ചസാര, ഒരു കരിമ്പ് എന്നിവ അടങ്ങുന്നതാണ് സംസ്ഥാന സർക്കാരിൻ്റെ പൊങ്കൽ കിറ്റ്. 2023ലും 2024ലും പൊങ്കൽ കിറ്റിനൊപ്പം 1000 രൂപ നൽകിയിരുന്നു.
2021ൽ നേരത്തെ തെരഞ്ഞെടുപ്പ് വർഷത്തിൽ എഐഎഡിഎംകെ സർക്കാർ പൊങ്കൽ കിറ്റിനൊപ്പം 2500 രൂപ സമ്മാനമായി നൽകിയിരുന്നു. പൊങ്കൽ കിറ്റിനൊപ്പം വിതരണം ചെയ്ത ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുകയാണിത്. ഇത്തവണ ഡിഎംകെ സർക്കാർ പൊങ്കൽ കിറ്റിനൊപ്പം 3000 രൂപ സമ്മാനമായി നൽകുമെന്നാണ് അഭ്യൂഹം. നേരത്തെ 5000 രൂപ വീതം പൊങ്കൽ കിറ്റിനൊപ്പം നൽകണമെന്ന ആവശ്യം ഉയർന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനൊപ്പം സ്ത്രീകൾക്ക് കലൈഞ്ജർ മഗലിർ ഉരിമൈ തൊഗൈ പദ്ധതി പ്രകാരം 1000 രൂപ വീതവും വിതരണം ചെയ്യുമെന്നും പറയപ്പെടുന്നുണ്ട്. ഏകദേശം 1.7 ദശലക്ഷം സ്ത്രീകളെ ഉൾപ്പെടുത്തി അടുത്തിടെ കലൈഞ്ജർ മഗലിർ ഉരിമൈ തൊഗൈ പദ്ധതി വിപുലീകരിച്ചിരുന്നു. 2026 ജനുവരി 14 മുതലാണ് തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷം.
Content Highlights: All Ration Card Holders in Tamil Nadu will be receiving Pongal gift hampers By MK Stalin Government