ഡൽഹിയിലെ വായുമലിനീകരണം: എയർ പ്യൂരിഫയറുകൾക്കുള്ള ജിഎസ്ടി കുറയ്ക്കാത്തതിൽ കേന്ദ്രത്തെ വിമർശിച്ച് ഡൽഹി ഹൈക്കോടതി

എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണങ്ങളായി പുനർവർഗ്ഗീകരിക്കണമെന്നും അവയെ അഞ്ച് ശതമാനം ജിഎസ്ടി സ്ലാബിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരി​ഗണിക്കവെയായിരുന്നു കോടതി നിലപാട്

ഡൽഹിയിലെ വായുമലിനീകരണം: എയർ പ്യൂരിഫയറുകൾക്കുള്ള ജിഎസ്ടി കുറയ്ക്കാത്തതിൽ കേന്ദ്രത്തെ വിമർശിച്ച് ഡൽഹി ഹൈക്കോടതി
dot image

ന്യൂഡൽഹി: വായു മലിനീകരണം ശക്തമായ സാഹചര്യത്തിലും എയർ പ്യൂരിഫയറുകൾ 18 ശതമാനം ജിഎസ്ടിയിൽ തുടരുന്നത് എന്തു കൊണ്ടെന്ന് ഡൽഹി ഹൈക്കോടതി. ഒരു ദിവസം നമ്മൾ 21000 തവണ ശ്വസിക്കുന്നു, അപകടം കണക്കാക്കി നോക്കു എന്ന പരാമർശത്തോടെയായിരുന്നു കോടതി സർക്കാരിനോട് ചോദ്യം ഉന്നയിച്ചത്. എയർ പ്യൂരിഫയറുകൾക്കുള്ള നികുതി ഉടനടി കുറയ്ക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനും കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. താൽക്കാലികമായെങ്കിലും ജിഎസ്ടി കുറയ്ക്കണമെന്ന പരാമർശവും കോടതി നടത്തി.

എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണങ്ങളായി പുനർവർഗ്ഗീകരിക്കണമെന്നും അവയെ അഞ്ച് ശതമാനം ജിഎസ്ടി സ്ലാബിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരി​ഗണിക്കവെ ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയും ജസ്റ്റിസ് തുഷാർ റാവു ഗെഡേലയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേന്ദ്രത്തോട് ചോദ്യങ്ങൾ ഉന്നയിച്ചത്.

വിഷയത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ അഭ്യർത്ഥനയെ ഡിവിഷൻ ബെഞ്ച് എതിർത്തു. 'ആയിരക്കണക്കിന് ആളുകൾ മരിക്കുമ്പോൾ എന്താണ് 'യഥാസമയം'? ഈ നഗരത്തിലെ ഓരോ പൗരനും ശുദ്ധവായു ആവശ്യമാണ്, പക്ഷേ നിങ്ങൾക്ക് അത് നൽകാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞത് അവർക്ക് എയർ പ്യൂരിഫയറുകൾ ലഭ്യമാക്കുക എന്ന'താണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഡൽഹിയിലെ രൂക്ഷമായ വായു മലിനീകരണം കണക്കിലെടുത്ത് എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കപിൽ മദൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതി ഇടപെടൽ. നിലവിൽ എയർ പ്യൂരിഫയറുകൾക്ക് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തുന്നത്. അതിരൂക്ഷമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എയർ പ്യൂരിഫയറുകളെ ആഡംബരവസ്തുവായി കണക്കാക്കാൻ കഴിയില്ലെന്നും ആരോഗ്യത്തിനും അതിജീവനത്തിനും ശുദ്ധമായ ഇൻഡോർ വായുവിന്റെ ലഭ്യത അനിവാര്യമായി മാറിയിരിക്കുന്നുവെന്നുമാണ് കപിൽ മദൻ ഹർജിയിൽ വാദിക്കുന്നത്.

കേന്ദ്രം പുറപ്പെടുവിച്ച 2020 ലെ വിജ്ഞാപനപ്രകാരം എയർ പ്യൂരിഫയറുകൾ ഒരു മെഡിക്കൽ ഉപകരണത്തിന്റെ നിർവചനം പാലിക്കുന്നുവെന്നും സുരക്ഷിതമായ ശ്വസത്തിന് സഹായിക്കുകയും ജീവന് ഭീഷണിയായ മലിനീകരണഎക്സ്പോഷർ ലഘൂകരിക്കുകയും ചെയ്യുന്നുവെന്ന് ഹർജിയിൽ അവകാശപ്പെട്ടിട്ടുണ്ട്. എയർ പ്യൂരിഫയറുകൾക്ക് 18 ശതമാനം ജിഎസ്ടി ചുമത്തുന്നത് ഏകപക്ഷീയവും യുക്തിരഹിതവും അനുപാതരഹിതവുമാണെന്നും ഹർജി ചൂണ്ടിക്കാണിക്കുന്നു.

Content Highlights: Court asks Centre to cut air purifier GST temporarily

dot image
To advertise here,contact us
dot image