ഹിജാബ് വിഷയത്തിൽ നിതീഷിനെതിരെ പരാതി നൽകിയ സുമയ്യ റാണ പാകിസ്താനി ചാനലിൻ്റെ അഭിമുഖത്തിനുള്ള ക്ഷണം നിരസിച്ചു

യുവതിക്കുണ്ടായ അനുഭവത്തെ ഇന്ത്യയിലെ മുസ്‌ലിങ്ങൾ നേരിടുന്ന ദയനീയ അവസ്ഥയുമായി ബന്ധപ്പെടുത്തി ചർച്ചയുണ്ടാക്കാൻ ചാനൽ നേരത്തെ ശ്രമിച്ചിരുന്നു

ഹിജാബ് വിഷയത്തിൽ നിതീഷിനെതിരെ പരാതി നൽകിയ സുമയ്യ റാണ പാകിസ്താനി ചാനലിൻ്റെ അഭിമുഖത്തിനുള്ള ക്ഷണം നിരസിച്ചു
dot image

ലഖ്‌നൗ: പാകിസ്താൻ വാർത്താ ചാനലിൻ്റെ അഭിമുഖത്തിനായുള്ള ക്ഷണം നിരസിച്ച് സമാജ്‌വാദി പാർട്ടി നേതാവ് സുമയ്യ റാണ. നേരത്തെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഒരു മുസ്‌ലിം സ്ത്രീയുടെ ഹിജാബ് ഊരിമാറ്റിയ സംഭവത്തിൽ സുമയ്യ റാണ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിക്കുണ്ടായ അനുഭവത്തെ ഇന്ത്യയിലെ മുസ്‌ലിങ്ങൾ നേരിടുന്ന ദയനീയ അവസ്ഥയുമായി ബന്ധപ്പെടുത്തി ചർച്ചയുണ്ടാക്കാൻ ചാനൽ നേരത്തെ ശ്രമിച്ചിരുന്നു.

പ്രശസ്ത കവി മുനവ്‌വർ റാണയുടെ മകളായ സുമയ്യ റാണ ഉറുദു കവി ജിഗർ മൊറാദാബാദിയുടെ ഒരു ഈരടി ചൊല്ലിയാണ് അഭിമുഖത്തിനുള്ള ക്ഷണം നിരസിച്ചത്. 'നോട്ടത്തിന്റെ അമ്പ് ഹൃദയത്തിൽ തന്നെ പതിഞ്ഞിരിക്കുന്നതാണ് നല്ലത്; വീട്ടിലെ കാര്യങ്ങൾ വീടിനുള്ളിൽ തന്നെ നിൽക്കുന്നതാണ് നല്ലത്' എന്ന കവിതയായിരുന്നു സുമയ്യ പങ്കുവെച്ചത്. ഇന്ത്യയിൽ എല്ലാവരും സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്നവരാണെന്നും ഇന്ത്യക്കാർക്ക് അവരുടെ പ്രശ്നങ്ങൾ പരസ്പരം പരിഹരിക്കാൻ കഴിയുമെന്നും അയൽരാജ്യങ്ങൾ ഇടപെടേണ്ട ആവശ്യമില്ലെന്നും നിലപാട് വ്യക്തമാക്കി സുമയ്യ റാണ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഹിജാബ് വിവാദത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സമാജ്‌വാദി പാർട്ടി നേതാവ് പരാതി നൽകിയതും എഫ്ഐആർ ഫയൽ ചെയ്തതും.

നിതീഷ് കുമാറിൻ്റെ പ്രവർത്തി അപകടകരമായ ഒരു കീഴ്വഴക്കം സൃഷ്ടിച്ചുവെന്ന് സുമയ്യ റാണ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഒരു പ്രധാന ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ ഇത്തരത്തിൽ പെരുമാറുന്നത് അദ്ദേഹത്തിന്റെ (നിതീഷ് കുമാർ) സഹപ്രവർത്തകരെ സമാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കു'മെന്നും ‌വാർത്താ ഏജൻസിയായ എഎൻഐയോട് സുമയ്യ പറഞ്ഞിരുന്നു.

ആയുഷ് ഡോക്ടർമാർക്ക് നിയമന കത്തുകൾ കൈമാറുന്നതിനിടെ നിതീഷ് കുമാർ ഒരു മുസ്ലീം സ്ത്രീയുടെ ഹിജാബ് വലിച്ചു താഴ്ത്തിയതാണ് വിവാദമായത്. ഹിജാബ് കൊണ്ട് മുഖം മറച്ച നുസ്രത്ത് പർവീൻ തന്റെ നിയമന കത്ത് വാങ്ങാൻ പോയപ്പോഴാണ് 'ഇതെന്താണ്?' എന്ന് ആക്രോശിച്ചു കൊണ്ട് നിതീഷ് കുമാർ ഹിജാബ് താഴേക്ക് വലിച്ച് താഴ്ത്തിയത്. നിതീഷ് കുമാറിന്റെ അരികിൽ നിന്നിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി കൈ വലിച്ച് അദ്ദേഹത്തെ തടയാൻ ശ്രമിക്കുന്നതും പുറത്ത് വന്ന വീഡിയോയിൽ വ്യക്തമായിരുന്നു.

സംഭവത്തിന് പിന്നാലെ നിതീഷിനെതിരെ ശക്തമായ വിമർശനവുമായി രം​ഗത്ത് വന്നിരുന്നു. 'നിതീഷ് ജിക്ക് എന്ത് സംഭവിച്ചു? അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഇപ്പോൾ പൂർണ്ണമായും ദയനീയമായ അവസ്ഥയിലെത്തിയോ, അതോ നിതീഷ് ബാബു ഇപ്പോൾ 100% സംഘിയായി മാറിയോ?' എന്നായിരുന്നു ആർജെഡി അവരുടെ ഔദ്യോ​ഗിക എക്സിൽ കുറിച്ചത്.

Content Highlights: Samajwadi Party leader Sumaiya Rana refuses Pakistan TV interview over Nitish Kumar hijab row 

dot image
To advertise here,contact us
dot image