'നിക്ക് ജോനസ് വിമാനത്തിൽ കൊണ്ടുപോയി ചന്ദ്രനെ കാണിച്ചുതന്ന് അന്ന് എന്റെ ഉപവാസം അവസാനിപ്പിച്ചു': പ്രിയങ്ക ചോപ്ര

നിക്ക് ജോനസിനെ കുറിച്ച് പ്രിയങ്ക പങ്കുവെച്ച് അനുഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്

'നിക്ക് ജോനസ് വിമാനത്തിൽ കൊണ്ടുപോയി ചന്ദ്രനെ കാണിച്ചുതന്ന് അന്ന് എന്റെ ഉപവാസം അവസാനിപ്പിച്ചു': പ്രിയങ്ക ചോപ്ര
dot image

പ്രിയങ്ക ചോപ്രയും നിക്ക് ജോനസും ബോളിവുഡിന് മാത്രമല്ല ഹോളിവുഡിനും പ്രിയപ്പെട്ട താരജോഡികളാണ്. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും ആഘോഷിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും അഭിമുഖങ്ങളിലും തങ്ങളുടെ ദാമ്പത്യജീവിതത്തെ കുറിച്ചും പരസ്പരമുള്ള സ്‌നേഹത്തെ കുറിച്ചും പ്രിയങ്കയും നിക്കും സംസാരിക്കാറുണ്ട്.

പ്രിയങ്ക നിക്ക് ജോനസിനെ കുറിച്ച് പങ്കുവെച്ച ഒരു അനുഭവമാണ് ഇപ്പോൾ പ്രേക്ഷകരുടെ മനം കവർന്നിരിക്കുന്നത്. കർവാ ചൗഥ് എന്ന ആഘോഷത്തെ സമയത്തെ അനുഭവമാണ് പ്രിയങ്ക പങ്കുവെക്കുന്നത്. ഈ വിശേഷ ദിവസത്തിൽ ഭാര്യ ഭർത്താവിന്റെ ആയുരാരോഗ്യത്തിനായി ഉപവാസം അനുഷ്ഠിക്കുന്നതാണ് ആചാരം. രാത്രിയിൽ ചന്ദ്രനെ വണങ്ങിയ ശേഷം ഭർത്താവ് ഭക്ഷണവും വെള്ളവും എടുത്ത് നൽകുന്നതോടെയാണ് ഭാര്യയുടെ വ്രതം അവസാനിക്കുക.

Priyanka Chopra and Nick Jonas

ഉത്തരേന്ത്യയിൽ വലിയ പ്രചാരമുള്ള കർവാ ചൗഥ് പ്രിയങ്ക ചോപ്രയും ആചരിക്കാറുണ്ട്. നിക്ക് ജോനസിന് ഏറെ ഇഷ്ടപ്പെട്ട ദിവസമാണ് ഇതെന്നും തന്റെ ആരോഗ്യത്തിനായി ഒരാൾ ഭക്ഷണം കഴിക്കാതിരിക്കുന്നത് വലിയ കാര്യമല്ലേ എന്നാണ് നിക്ക് തമാശയായി പറയാറുള്ളതെന്നാണ് പ്രിയങ്കയുടെ വാക്കുകൾ. നെറ്റ്ഫ്‌ളിക്‌സിലെ കപിൽ ശർമയുടെ ഷോയിൽ എത്തിയപ്പോഴായിരുന്നു കർവാ ചൗഥ് അനുഭവം പ്രിയങ്ക പങ്കുവെച്ചത്.

Priyanka Chopra and Nick Jonas

ഒരിക്കൽ കർവാ ചൗഥ് ദിവസം ഏറെ വൈകിയിട്ടും ആകാശം മേഘാവൃതമായിരുന്നതിനാൽ ചന്ദ്രനെ കാണാൻ കഴിഞ്ഞില്ലെന്നും, ഒടുവിൽ നിക്ക് അദ്ദേഹത്തിന്റെ വിമാനത്തിൽ തന്നെ കൊണ്ടുപോവുകയും അങ്ങനെ ചന്ദ്രനെ കാണിച്ച് തന്നാണ് ഉപവാസം അവസാനിപ്പിച്ചതെന്നും പ്രിയങ്ക ഷോയിൽ വെച്ച് പറഞ്ഞു.

'ഞങ്ങൾ വളരെ വ്യത്യസ്തമായ രീതിയിലൊക്കെ കർവാ ചൗഥ് ആചരിച്ചിട്ടുണ്ട്. ചന്ദ്രനെ തേടി വിചിത്രമായ വഴികളിലൂടെ പോയിട്ടുണ്ട് എന്ന് പറയാം. ഒരിക്കൽ നിക്കിന്റെ ഒരു ഷോ നടക്കുന്ന സമയത്തായിരുന്നു കർവാ ചൗഥ് ദിവസം. രാത്രി ഏറെ ആയിട്ടും ചന്ദ്രനെ കാണുന്നില്ലായിരുന്നു. മഴക്കാലമായതുകൊണ്ട് ആകാശം മേഘാവൃതമായിരുന്നു. ചന്ദ്രനെ കാണാനേ ഇല്ല. പത്തും പതിനൊന്നുമെല്ലാം കടന്നുപോയി. അപ്പോൾ നിക്ക് ഏറെ റൊമാന്റിക്കായ ഒരു കാര്യം ചെയ്തു.

Priyanka Chopra and family

അദ്ദേഹത്തിന്റെ ഫ്‌ളൈറ്റിൽ എന്നെ കൊണ്ടുപോയി. ആകാശത്ത് നിന്നും എനിക്ക് ചന്ദ്രനെ കാണിച്ചു തന്നു. അങ്ങനെയാണ് അന്ന് ഉപവാസം അവസാനിപ്പിച്ചത്,' പ്രിയങ്ക പറഞ്ഞു.

ഷോയിലെ ഈ ഭാഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നിരവധി പേരാണ് നിക്ക് ജോനസിനോടും പ്രിയങ്കയോടും സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് കമന്റുകളുമായി എത്തുന്നത്. ഇരുവർക്കും ദീർഘനാൾ ഇതേ സ്‌നേഹത്തോടെ തുടരാൻ കഴിയട്ടെ എന്നും കമന്റുകൾ നിറയുന്നുണ്ട്.

Also Read:

2018ലാണ് പ്രിയങ്ക ചോപ്ര അമേരിക്കൻ ഗായകനായ നിക്ക് ജോനസിനെ വിവാഹം കഴിക്കുന്നത്. ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. മൂന്ന് വയസുകാരിയായ മാൾട്ടി മേരി എന്ന മകളും ഇവർക്കുണ്ട്.

Content Highlights: Priyanka Chopra says husband Nick Jonas took her on a flight to show the moon on a Karva Chauth day

dot image
To advertise here,contact us
dot image