

ഛത്തീസ്ഗഡ്: ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പഞ്ചാബിലെ മുൻ ഐപിഎസ് ഓഫീസർ അമർ സിംഗ് ചഹാൽ മരിച്ചു. പട്യാലയിലെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അമർ സിംഗിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓൺലൈൻ തട്ടിപ്പിന് ഇരയായി വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദം മൂലം ജീവനൊടുക്കുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. 16 പേജുള്ള ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.
അമർ സിംഗിൻ്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പഞ്ചാബ് പൊലീസിലെ സീനിയർ ഓഫീസർ വരുൺ ശർമ്മ വ്യക്തമാക്കുന്നത്. 2015ൽ ഫരീദ്കോട്ടിൽ ഉണ്ടായ വെടിവെപ്പ് സംഭവത്തിലെ പ്രതികൂടിയാണ് അമർ സിംഗ്. 2023ലാണ് പ്രത്യേക അന്വേഷണ സംഘം അമർ സിംഗിനെ കേസിൽ പ്രതിചേർത്തത്. മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, സുഖ്ബീർ സിംഗ് ബാദൽ, അമർ സിംഗ് ചഹൽ അടക്കമുള്ള നിരവധി പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ പ്രത്യേക അന്വേഷണ സംഘം ചാർജ്ജ് ഷീറ്റ് നൽകിയിരുന്നു.
മുൻ ഐപിഎസ് ഓഫീസറുടെ മരണം ഉന്നത പൊലീസ് കേന്ദ്രങ്ങളെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പഞ്ചാബ് പൊലീസ്.
Content Highlights: Former Punjab Police Officer Dies blames Online Fraud