തെരഞ്ഞെടുപ്പ് തോൽവി; ശബരിമല, വെള്ളാപ്പള്ളി വിഷയങ്ങളിൽ സിപിഐഎമ്മിന് പരോക്ഷ വിമർശനവുമായി ജനയുഗം

ഒരു ദശാബ്ദത്തോളമായി കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം കണക്കുകൂട്ടലുകൾക്ക് വിരുദ്ധവും കനത്ത രാഷ്ട്രീയ വെല്ലുവിളി ഉയർത്തുന്നതുമാണ് ഈ തെരഞ്ഞെടുപ്പുഫലം

തെരഞ്ഞെടുപ്പ് തോൽവി; ശബരിമല, വെള്ളാപ്പള്ളി വിഷയങ്ങളിൽ സിപിഐഎമ്മിന് പരോക്ഷ വിമർശനവുമായി ജനയുഗം
dot image

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രമായ ജനയു​ഗം. ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമാക്കുന്ന തെരഞ്ഞെടുപ്പുഫലം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് ജനയു​ഗം കടുത്ത വിമർശനം ഉയർത്തിയിരിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ അടുത്തകാലത്തെ ചില നടപടികളെങ്കിലും ആ വിശ്വാസത്തിന് തെല്ലെങ്കിലും ഉലച്ചിൽ സംഭവിക്കാൻ കാരണമായിട്ടുണ്ടോ എന്നുള്ള ആത്മപരിശോധനയ്ക്കു കൂടിയുള്ള അവസരമാണിതെന്നാണ് ജനയു​ഗം തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം കണക്കുകൂട്ടലുകൾക്ക് വിരുദ്ധവും കനത്ത രാഷ്ട്രീയ വെല്ലുവിളി ഉയർത്തുന്നതുമാണ് ഈ തെരഞ്ഞെടുപ്പുഫലമെന്നും ജനയു​ഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.

'ഒരു നൂറ്റാണ്ടിലേറെ നീണ്ട സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുമ്പോഴും മത, ജാതിവാദങ്ങളടക്കം പ്രതിലോമ ചിന്തകൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അടിത്തട്ടിൽ ഇപ്പോഴും ആഴത്തിൽ വേരോട്ടമുള്ള ഒരു സമൂഹംതന്നെയാണ് നമ്മുടേതെന്നും വിസ്മരിച്ചുകൂടാ. മതമൗലികവാദമടക്കം മതബോധത്തോടും ജാതീയതയോടും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം പാലിക്കേണ്ട അകലം പാലിക്കുന്നില്ലെന്നും അത്തരം പ്രവണതകളോടും ശക്തികളോടും മൃദുസമീപനം കൈകൊള്ളുന്നുവെന്നുമുള്ള തോന്നലും, പ്രതിപക്ഷ, മാധ്യമ പ്രചാരണങ്ങളും, ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരെ വിവിധ ജനവിഭാഗങ്ങളിൽ ആശങ്ക വളർത്തുക സ്വാഭാവികമാണ്. സദുദ്ദേശ്യത്തോടെയെങ്കിലും എൽഡിഎഫ് സർക്കാർ സമീപകാലത്ത് കൈക്കൊണ്ട ചില നടപടികളെങ്കിലും വിവിധ ജനവിഭാഗങ്ങളിൽ ആശങ്കയും സംശയവും ജനിപ്പിച്ചിട്ടുണ്ടോ എന്നുള്ളതും ബന്ധപ്പെട്ടവർ പുനർവിചിന്തനവിധേയമാക്കണം' എന്നും മുഖപ്രസം​ഗത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിലും വെള്ളാപ്പള്ളി നടേശൻ്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളിലും സിപിഐഎം മൃദുസമീപനം സ്വീകരിച്ചത് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി എന്ന വിമർശനം നിലനിൽക്കെയാണ് ജനയു​ഗത്തിൻ്റെ ഈ വിമർശനം എന്നതും ശ്രദ്ധേയമാണ്.

ശബരിമല വിഷയത്തിൽ സിപിഐഎമ്മിന് വീഴ്ച പറ്റിയെന്ന പരോക്ഷ സൂചനയും മുഖ്യപ്രസം​ഗത്തിലുണ്ട്. മതങ്ങൾക്കും ആരാധനാലയങ്ങൾക്കും ജനജീവിതത്തിൽ പ്രാമുഖ്യമുള്ള സമൂഹത്തിൽ അവയുടെ നിയന്ത്രണാധികാരത്തിനായി നിയോഗിക്കപ്പെടുന്നവർ സംശുദ്ധവും സുതാര്യവുമായി ആ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ അതിന് മറുപടിനൽകാൻ രാഷ്ട്രീയനേതൃത്വം കടപ്പെട്ടിരിക്കുന്നുവെന്നും ഈ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നുവെന്നാണ് ജനയു​ഗത്തിൻ്റെ വിമർശനം.

ക്ഷേമപെൻഷൻ വിഷയത്തിൽ സിപിഐഎം നേതാവ് എം എം മണി നടത്തിയ വിവാദ പരാമർശത്തെയും ജനയു​ഗം പരോക്ഷമായി വിമർശിക്കുന്നുണ്ട്. 'രാഷ്ട്രീയമായി ജനങ്ങളെ അർഹിക്കുന്ന അളവിൽ വിശ്വാസത്തിലെടുക്കുന്നതിൽ മുന്നണിക്കും ഭരണകൂടത്തിനും വേണ്ടത്ര കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. നാടിന്റെ സമഗ്രവും സർവതല സ്പർശിയുമായ വികസനവും ജനങ്ങൾക്ക് ഭരണകൂടം ഉറപ്പുവരുത്തുന്ന സാമൂഹ്യക്ഷേമ നടപടികളും ജനങ്ങളുടെ അനിഷേധ്യമായ അവകാശവും ഏതൊരു ഭരണകൂടത്തിന്റെയും രാഷ്ട്രീയവും സാമൂഹികവുമായ ഉത്തരവാദിത്തവുമാണ്. അതിൽ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന വീഴ്ചകളും അതിന്റെപേരിൽ ഉന്നയിക്കുന്ന ഔദാര്യഭാവവും അവകാശവാദങ്ങളും മുഖവിലയ്ക്കെടുക്കാൻ ജനങ്ങൾ സന്നദ്ധമല്ലെന്ന സന്ദേശം ഈ തെരഞ്ഞെടുപ്പുഫലം നൽകുന്നില്ലേയെന്ന് ബന്ധപ്പെട്ടവർ വിലയിരുത്തണ'മെന്ന് ചൂണ്ടിക്കാണിച്ചാണ് ജനയു​ഗം എം എം മണിയെ പരോക്ഷമായി വിമർശിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ കാരണങ്ങൾ പരിശോധിച്ച് തിരുത്തി ഇടതുപക്ഷ മുന്നണി തിരിച്ചുവരുമെന്ന പ്രത്യാശയും ജനയു​ഗം പരിശോധിക്കുന്നുണ്ട്. 'കേരള ജനത ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയതും പിന്തുണയ്ക്കുന്നതും അത് ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളോടും രാഷ്ട്രീയത്തോടുമുള്ള ആഭിമുഖ്യംകൊണ്ടും പ്രതിബദ്ധതകൊണ്ടും കൂടിയാണ്. എൽഡിഎഫ് സർക്കാരിന്റെ അടുത്തകാലത്തെ ചില നടപടികളെങ്കിലും ആ വിശ്വാസത്തിന് തെല്ലെങ്കിലും ഉലച്ചിൽ സംഭവിക്കാൻ കാരണമായിട്ടുണ്ടോ എന്നുള്ള ആത്മപരിശോധനയ്ക്കു കൂടിയുള്ള അവസരമാണിത്. തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയുള്ള വിശകലനത്തിലും വിലയിരുത്തലിലും ഈ വിഷയങ്ങളും പരിഗണനാ വിധേയമാകുമെന്ന് ഇടതുപക്ഷ മനസുകൾ പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി തുറന്നതും സത്യസന്ധവുമായ വിലയിരുത്തലും യാഥാർത്ഥ്യബോധത്തോടെയുള്ള അവശ്യവും അനിവാര്യവുമായ ഗതിമാറ്റവും ഇപ്പോഴത്തെ തിരിച്ചടികളെ മുറിച്ചുകടക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സർക്കാരിനെയും പ്രാപ്തമാക്കുമെന്നുവേണം കരുതാൻ' എന്നാണ് ജനയു​ഗം വ്യക്തമാക്കിയിരിക്കുന്നത്.

Content Highlights: Local Body Election Result 2025 CPI Slams CPIM Over Defeat

dot image
To advertise here,contact us
dot image