'ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെടും': ഗോവ നിശാക്ലബ് ഉടമകള്‍ കോടതിയില്‍

തീപ്പിടുത്തമുണ്ടായ ഉടന്‍ രാജ്യംവിട്ട ഇരുവര്‍ക്കും വേണ്ടി സര്‍ക്കാര്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

'ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെടും': ഗോവ നിശാക്ലബ് ഉടമകള്‍ കോടതിയില്‍
dot image

പനാജി: തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടേക്കാമെന്ന് ലുത്ര സഹോദരന്മാര്‍ കോടതിയില്‍. ഡല്‍ഹി രോഹിണി കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാല്‍ പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിന്റെ സ്വഭാവം ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി. ഗോവയില്‍ 25 പേരുടെ ജീവനെടുത്ത നിശാക്ലബ് തീപ്പിടുത്തത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ലുത്ര സഹോദരന്മാരായ ഗൗരവ് (44), സൗരഭ് (40) എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇരുവരും ഇന്നലെയാണ് തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് പിടിയിലായത്. തീപ്പിടുത്തമുണ്ടായ ഉടന്‍ രാജ്യംവിട്ട ഇരുവര്‍ക്കും വേണ്ടി സര്‍ക്കാര്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് ലുത്ര സഹോദന്മാര്‍ക്കെതിരെ ചുമത്തിയത്. ഇവരെ പാസ്‌പോര്‍ട്ട് നിയമം ഉപയോഗിച്ചാണ് ഇന്ത്യ കുടുക്കിയത്. സിബി ഐയുടെ ആവശ്യപ്രകാരം ലുത്ര സഹോദരന്മാര്‍ക്കെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ഇരുവരും പിടിയിലായത്.

ഡിസംബര്‍ ആറിനാണ് അര്‍പോറയിലെ നിശാക്ലബില്‍ തീപ്പിടുത്തമുണ്ടായത്. അഗ്നിരക്ഷാസേന തീ അണയ്ക്കാന്‍ ശ്രമിക്കുന്ന സമയത്ത് ലുത്ര സഹോദരന്മാര്‍ തായ്‌ലാന്‍ഡിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് രാജ്യംവിട്ടു. പിന്നാലെ പാസ്‌പോര്‍ട്ട് നിയമത്തിലെ 10എ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഇവരുടെ പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി റദ്ദാക്കി. പാസ്‌പോര്‍ട്ട് സാധുത നഷ്ടമായതോടെ ഇവരുടെ തായ്‌ലാന്‍ഡിലെ താമസം നിയമവിരുദ്ധമായി. തുടര്‍ന്ന് സിബി ഐ തായ്‌ലന്‍ഡ് പൊലീസുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഡിസംബര്‍ ആറിന് അര്‍ധരാത്രിയോടെയാണ് നിശാക്ലബില്‍ തീപ്പിടുത്തമുണ്ടായത്. 25 പേരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ മാനേജര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ അഞ്ച് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 8 ദിവസത്തിനുളളില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചിരുന്നു.

Content Highlights: 'Will be killed in mob attack': Goa nightclub owners in court

dot image
To advertise here,contact us
dot image