

ന്യൂ ഡൽഹി: രാഷ്‌ട്രപതി ഭവനിലെ വിരുന്നു സൽക്കാരവിവാദത്തിന് പിന്നാലെ കോൺഗ്രസ് വിടുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ശശി തരൂർ എംപി. താൻ കോൺഗ്രസിൽ നിന്നുള്ള എംപിയാണ്. തെരഞ്ഞെടുക്കപ്പെടാൻ ഏറെ കഷ്ടപ്പെട്ടു. മറ്റെന്തെങ്കിലും തീരുമാനമെടുക്കാൻ വലിയ ആലോചനകളും പരിഗണനകളും ആവശ്യമാണ് എന്നുമായിരുന്നു ഒരു ദേശീയ മാധ്യമത്തിന് തരൂർ നൽകിയ മറുപടി.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായുള്ള വിരുന്നു സൽക്കാര വിവാദത്തിലും തരൂർ പ്രതികരിച്ചു. വിരുന്നിനെ ഗംഭീരം എന്ന് വിശേഷിപ്പിച്ച തരൂർ, മല്ലികാർജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയെയും ക്ഷണിക്കാത്തത് എന്തുകൊണ്ടാണ് എന്ന് തനിക്ക് അറിയില്ലെന്നും പറഞ്ഞു. എംപിയായി താൻ ചെയ്യേണ്ട കടമകൾക്കും പ്രവർത്തനങ്ങൾക്കും ഈ വിരുന്നുമായി യാതൊരു ബന്ധവുമില്ലെന്നും അവ തീർത്തും വ്യത്യസ്തമായ ഒരു കാര്യമാണെന്നും തരൂർ കൂട്ടിച്ചേർത്തു.
വിരുന്നുസൽക്കാരത്തിലേക്ക് തനിക്ക് ക്ഷണം ലഭിച്ചതിനെ വലിയ ആദരവായാണ് കാണുന്നത് എന്നാണ് തരൂർ പറഞ്ഞത്. 'ഒരുപാട് കാലത്തിന് ശേഷം രാഷ്‌ട്രപതി ഭവനിലേക്ക് തിരിച്ചെത്തുകയാണ്. കുറച്ച് കാലമായി അവർക്ക് വേറെ മനോഭാവമാണ് ഉണ്ടായിരുന്നത്. ഞാൻ അംഗമായ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രവർത്തങ്ങൾ ഇതുമായെല്ലാം ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ കാര്യങ്ങൾ എല്ലാം മനസിലാക്കാൻ ഈ വിരുന്ന് സഹായിച്ചു. ഞാൻ വളരെ സന്തോഷവാനാണ്'; തരൂർ പറഞ്ഞു.
കേന്ദ്രസർക്കാർ അനുകൂല സമീപനത്തെ സംബന്ധിച്ച ചോദ്യത്തോടും തരുർ പ്രതികരിച്ചു. തനിക്ക് ലഭിച്ച ഈ ക്ഷണത്തിന് അത്തരം വിവാദങ്ങളുമായി ബന്ധമില്ല. സർക്കാരുമായി സഹകരിക്കുക എന്നാൽ നിങ്ങൾ നിങ്ങളുടെ ബോധ്യങ്ങളോ തത്വങ്ങളോ ഉപേക്ഷിക്കുന്നു എന്നല്ല, മറിച്ച് നിങ്ങൾ പൊതുവായ നിലപാട് കണ്ടെത്തുന്നു എന്നതാണ് എന്നായിരുന്നു തരൂരിന്റെ മറുപടി. പൊതുവായ ഒരു അഭിപ്രായത്തിലേക്കെത്തുക എന്നതാണ് ജനാധിപത്യത്തിൽ ഒരു സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ദൗത്യം. ചിലതിൽ യോജിക്കും,ചിലതിൽ വിയോജിക്കും. എന്നാൽ ചിലപ്പോൾ ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കും എന്നും തരൂർ പറഞ്ഞു.
വിരുന്നിനിടയിലും തിരുവനന്തപുരവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി താൻ പല ഉദ്യോഗസ്ഥരെയും കണ്ടിരുന്നുവെന്നും തരൂർ പറഞ്ഞു. അത് തന്റെ രാഷ്ട്രീയ ഉത്തരവാദിത്വമാണെന്നും തരൂർ കൂട്ടിച്ചേർത്തു.
പുടിനൊപ്പമുള്ള വിരുന്നുസൽക്കാരത്തിന് പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചതിന് പിന്നാലെ തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ കടുത്ത വിമർശനം ഉയർത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയെയും വിരുന്നിന് ക്ഷണിച്ചിരുന്നില്ല. ക്ഷണം അയച്ചതും ക്ഷണം സ്വീകരിച്ചതും വളരെ ആശ്ചര്യകരമാണെന്നും എല്ലാവരുടെയും മനസ്സാക്ഷിക്ക് ഒരു ശബ്ദമുണ്ടെന്നുമാണ് കോൺഗ്രസ് നേതാവ് പവൻ ഖേര വിമർശിച്ചത്. തരൂരിന് ഈ കളി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'എന്റെ നേതാക്കളെ വിരുന്നിൽ ക്ഷണിച്ചില്ല പക്ഷേ എന്നെ ക്ഷണിക്കപ്പെടുമ്പോൾ എന്തിനാണ് ഈ കളി നടക്കുന്നത്. ആരാണ് ഈ കളി കളിക്കുന്നതെന്നും എന്തുകൊണ്ട് നമ്മൾ അതിന്റെ ഭാഗമാകരുത് എന്ന് നമ്മൾ മനസ്സിലാക്കണമെന്നും' ആയിരുന്നു പവൻ ഖേരയുടെ പ്രതികരണം.
Content Highlights: shashi tharoor on whether he would quit congress