

ന്യൂഡൽഹി: വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തതിന് പിന്നാലെ ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം. വിമാനയാത്രാ പ്രതിസന്ധിയിൽ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനെ പുറത്താക്കണമെന്ന് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു. എയർലൈനിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം ഇൻഡിഗോയുടെ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇൻഡിഗോക്കെതിരെ വൻ തുക പിഴ ചുമത്താനും നീക്കമുള്ളതായി വൃത്തങ്ങൾ അറിയിച്ചു.
ഇൻഡിഗോയ്ക്ക് സർവീസ് നടത്താൻ അനുവാദമുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയിലെ എയർലൈനിനെതിരെ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടിയെക്കാൾ ഏറ്റവും വലിയ നടപടിയാണിതെന്നും വൃത്തങ്ങൾ പറഞ്ഞു. ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തതിന് പിന്നാലെ രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാൻ ശ്രമം നടത്തുമെന്നും പ്രശ്നം പരിഹരിക്കാൻ ത്രിതല നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഡിസംബർ 10 നും 15 നും ഇടയിൽ പൂർവസ്ഥിതിയിലേക്ക് എത്താൻ സാധിക്കും. യാത്രക്കാർ സഹകരിക്കണമെന്നും സിഇഒ അഭ്യർത്ഥിച്ചിരുന്നു. പൈലറ്റുമാർക്കുള്ള പുതിയ മാർഗനിർദേശം പിൻവലിച്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight : Strict action against IndiGo; Ministry of Civil Aviation demands removal of CIO Peter Elbers