

ന്യൂഡല്‍ഹി: പി എം ശ്രീയില്‍ പുതിയ വിവാദം. പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയതോടെയാണ് വീണ്ടും വിവാദമായിരിക്കുന്നത്. രാജ്യസഭയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എംപിയും രംഗത്തെത്തി.
പിഎം ശ്രീ വിഷയം രാജ്യസഭയില്‍ ചര്‍ച്ചയായതോടെയായിരുന്നു പ്രതികരിച്ച് ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയത്. പിഎം ശ്രീയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത് ബ്രിട്ടാസാണെന്നും അതില്‍ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. സര്‍വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് പിഎം ശ്രീയില്‍ ഒപ്പിടുന്ന കാര്യത്തില്‍ സമ്മതമറിയിച്ചിരുന്നു. ഇതിന് ശേഷം എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് അറിയില്ല. സംസ്ഥാന സര്‍ക്കാരിലെ ആഭ്യന്തര തര്‍ക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാക്കുന്നത്. ആശയക്കുഴപ്പമുണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ കുറപ്പെടുത്തി.
കേരളത്തിലെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി എംപിമാര്‍ ബ്രിഡ്ജായി കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ പോകാറുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടിയാണ് അങ്ങനെയുള്ള ഇടപെടല്‍. കേരളത്തിലെ വിഷയങ്ങള്‍ ഏറ്റെടുത്ത് കേന്ദ്രത്തെ താന്‍ സമീപിക്കുന്നു എന്ന് കേന്ദ്രമന്ത്രി പറഞ്ഞതില്‍ അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. മന്ത്രി വി ശിവന്‍കുട്ടിക്കൊപ്പം ധര്‍മ്മേന്ദ്ര പ്രധാനെ കാണാന്‍ താന്‍ നിരവധി തവണ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയിട്ടുണ്ട്. ഇതിന് പുറമേ ഫണ്ട് തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട നിവേദനം നല്‍കുന്നതിനും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. കേരളത്തിന്റെ ന്യായമായ വിഹിതം ലഭ്യമാക്കുന്നതിന് ഇടപെടുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പിടുക, ഒപ്പിടാതിരിക്കുക എന്നത് സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്. അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
Content Highlights- Dharmendra Pradhan against john brittas mp over pm shri project