

ബെംഗളുരു: പാതിരാത്രിയിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ സ്വാഭാവികമായും ഒരു ഭയവും മാനസിക സംഘർഷവും അനുഭവപ്പെടുന്നത് സാധാരണയാണ്. എന്നാൽ പേടിക്കാതെ സുരക്ഷിതമായി യാത്ര ചെയ്യാമെന്നൊരു വിശ്വാസം അനുഭവത്തിലൂടെ ഉണ്ടായാൽ അത് വലിയൊരു ആശ്വാസം തന്നെയാണ്, പ്രത്യേകിച്ച് സ്ത്രീകൾക്ക്.
ആശാ മാനേ എന്നൊരു യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സമയം രാത്രി 11.45, ഫോണിന്റെ ബാറ്ററി ചാർജ് വെറും ആറു ശതമാനം മാത്രം. ഇതിനിടയിൽ വീട്ടിലെത്താൻ ഒരു റാപ്പിഡോ ബുക്ക് ചെയ്തതാണ് ആശ.
റൈഡിനായി എത്തിയ റാപ്പിഡോ ഡ്രൈവറോട് തനിക്ക് എത്രയും വേഗം വീട്ടിലെത്തണമെന്ന് യുവതി ആവശ്യപ്പെട്ടു. 38 കിലോമീറ്ററാണ് യാത്ര ചെയ്യേണ്ടത്. പക്ഷേ വീടെത്താൻ കിലോമീറ്ററുകൾ മാത്രം ബാക്കിയുള്ളപ്പോൾ യാത്രക്കിടയിൽ ബൈക്ക് റോഡിലെ ഒരു കുഴിയിൽ വീഴുകയും ചെയിൻ ഇളകുകയും ചെയ്തു. ചുറ്റും ഇരുട്ടും റോഡിന്റെ ഇരുവശത്തും സഹായം ചോദിക്കാൻ പോലും ആരുമില്ലാത്ത സാഹചര്യവുമായിരുന്നു. എന്നാൽ യുവതിയുടെ ആശങ്ക അവസാനിച്ചത് റാപ്പിഡോ ഡ്രൈവറിന്റെ പെരുമാറ്റത്തിലൂടെയാണ്.
സാധാരണയായി ഇത്തരം സാഹചര്യങ്ങളില്‍ റാപ്പിഡോ ഡ്രൈവർ റൈഡ് അവസാനിപ്പിക്കുകയോ അല്ലെങ്കിൽ റീബുക്ക് ചെയ്യുകയോ ആണ് പതിവ്. എന്നാൽ ഇവിടെ അദ്ദേഹം പറഞ്ഞത് വിഷമിക്കേണ്ടെന്നും, താൻ എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിച്ച് തന്നെ സുരക്ഷിതമായി വീട്ടിലെത്തിക്കാമെന്നായിരുന്നുവെന്നും യുവതി പറയുന്നു. തുടർന്ന് ഇരുവരും പരസ്പരം സഹായിച്ച് വാഹനത്തിന്റെ വീലിന്‍റെ ചെയിനിനുണ്ടായ പ്രശ്‌നം പരിഹരിച്ചു. റാപ്പിഡോ ഡ്രൈവർ വണ്ടി ശരിയാക്കുന്നതിനിടയിൽ മൊബൈൽ വെളിച്ചം നൽകിയാണ് യുവതി സഹായിച്ചത്.
പരാതികൾ ഇല്ല, പരിഭവമില്ല, ഒരുമിച്ച് മികച്ചൊരു ടീം വർക്ക്, അതും പാതിരാത്രിയിൽ തീർത്തും അപരിചിതരായ രണ്ടുപേർ ഒന്നിച്ചു നിന്നു എന്നാണ് യുവതി വിശദീകരിക്കുന്നത്. പത്തുമിനിറ്റിനുള്ളിൽ പ്രശ്‌നം പരിഹരിച്ച് ആദ്യമേ വാക്കു പറഞ്ഞതു പോലെ യുവതിയെ ഡ്രൈവർ വീട്ടിലെത്തിച്ചു. പുലർച്ചെ ഒരു മണിയോടെ തന്നെ സുരക്ഷിതമായി വീട്ടിലെത്തിയെന്ന് യുവതി പറയുന്നു. പോസ്റ്റിൽ റാപ്പിഡോയെ ടാഗ് ചെയ്യാനും യുവതി മറന്നിട്ടില്ല.
Content Highlights: Women from Bengaluru shares warm gesture from a Rapido Driver