കേന്ദ്രസർക്കാരിൽ നിന്ന് ഒരു സമ്മർദ്ദവും ഉണ്ടായിട്ടില്ല;വിരമിക്കലിന് ശേഷം മറ്റൊരു പദവി വഹിക്കില്ലെന്ന് BR ഗവായ്

ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വിധി ഏതായിരുന്നുവെന്ന് ചോദിച്ചാല്‍ ബുള്‍ഡോസര്‍ നീതിക്കെതിരായ വിധിയായിരിക്കുമെന്ന് നിസംശയം പറയുമെന്നും അദ്ദേഹം പറഞ്ഞു

കേന്ദ്രസർക്കാരിൽ നിന്ന് ഒരു സമ്മർദ്ദവും ഉണ്ടായിട്ടില്ല;വിരമിക്കലിന് ശേഷം മറ്റൊരു പദവി വഹിക്കില്ലെന്ന് BR ഗവായ്
dot image

ന്യൂഡല്‍ഹി: വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. വിരമിക്കലിന് ശേഷം മറ്റൊരു പദവിയും വഹിക്കില്ലെന്നും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി സമയം ചെലവഴിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബി ആര്‍ ഗവായ് പറഞ്ഞു. വിരമിക്കല്‍ ദിനത്തില്‍ സുപ്രീംകോടതിയില്‍വെച്ച് മാധ്യമങ്ങളുമായി നടത്തിയ സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനെക്കുറിച്ചുളള ചോദ്യത്തിനും ഗവായ് മറുപടി നല്‍കി. ഭരണഘടനയില്‍ വാക്കുകള്‍ ചേര്‍ക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും സമയപരിധി നല്‍കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കാന്‍ സാധിക്കില്ലെന്നും കാലതാമസം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് പരിഹാരം തേടാമെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണം ആവശ്യമാണോ എന്ന ചോദ്യത്തിന്, കോടതി ഭരണത്തില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട് എന്നായിരുന്നു ജസ്റ്റിസ് ബി ആര്‍ ഗവായ്‌യുടെ മറുപടി.

തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വിധി ഏതായിരുന്നുവെന്ന് ചോദിച്ചാല്‍ അത് ബുള്‍ഡോസര്‍ നീതിക്കെതിരായ വിധിയായിരിക്കുമെന്ന് നിസംശയം പറയുമെന്ന് ബി ആര്‍ ഗവായ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ബുള്‍ഡോസര്‍ നീതി രാജ്യത്തെ നിയമവാഴ്ച്ചയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഒരു വ്യക്തി ചെയ്ത കുറ്റത്തിന് എങ്ങനെയാണ് അയാളുടെ വീട് തകര്‍ക്കാനാവുക? അയാളുടെ കുടുംബവും മാതാപിതാക്കളും എന്ത് തെറ്റാണ് ചെയ്തത്? ജീവിക്കാനുളള സ്വാതന്ത്ര്യം മൗലികാവകാശങ്ങളില്‍ പെട്ടതാണ്': എന്നാണ് ബി ആര്‍ ഗവായ് പറഞ്ഞത്.

Content Highlights: No pressure from Central Govt, will not hold any other post after retirement says BR Gavai

dot image
To advertise here,contact us
dot image