'നീ ഇതെന്താ വീട്ടിലാണോ കളിക്കുന്നത്?'; പന്തെറിയാന്‍ വൈകിയ കുല്‍ദീപിനോട് കലിപ്പായി റിഷഭ് പന്ത്, വീഡിയോ

ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ 88-ാം ഓവറിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്

'നീ ഇതെന്താ വീട്ടിലാണോ കളിക്കുന്നത്?'; പന്തെറിയാന്‍ വൈകിയ കുല്‍ദീപിനോട് കലിപ്പായി റിഷഭ് പന്ത്, വീഡിയോ
dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിനിടെ സ്പിന്നർ‌ കുൽദീപ് യാദവിനെ ശകാരിച്ച് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത്. പന്തെറിയാൻ വൈകിയതിനാണ് കുൽ‌ദീപിനോട് പന്ത് കയർത്തുസംസാരിച്ചത്. മൈക്ക് സ്റ്റംപ് പിടിച്ചെടുത്ത സംഭാഷണത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ 88-ാം ഓവറിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രണ്ടാം ദിനത്തിന്റെ ആദ്യ ഓവറുകളില്‍ ജസ്പ്രീത് ബുംറയും വാഷിംഗ്ടണ്‍ സുന്ദറും വിക്കറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെ ക്യാപ്റ്റൻ റിഷഭ് പന്ത് കുല്‍ദീപ് യാദവിനെ പന്തെറിയാന്‍ വിളിക്കുകയായിരുന്നു. എന്നാല്‍ പന്തെറിയാനെത്തിയ കുല്‍ദീപ് ആദ്യ പന്തെറിയാന്‍ സമയമെടുത്തതോടെയാണ് ക്യാപ്റ്റൻ റിഷഭ് പന്തില്‍ നിന്ന് ശകാരമേറ്റുവാങ്ങേണ്ടിവന്നത്.

പുതിയ ബോളർ പന്തെറിയാൻ എത്തുമ്പോൾ അവസാന ഓവർ എറിഞ്ഞ് 60 സെക്കൻഡുകൾക്കകം ആദ്യ പന്ത് എറിയണം എന്നാണ് ക്രിക്കറ്റിലെ നിയമം. എന്നാൽ, പന്തെറിയാനെത്തിയ കുൽദീപ് വീണ്ടും സമയം വൈകിപ്പിക്കുകയാണ് ചെയ്തത്. ഇതിന് മുമ്പ് രണ്ട് തവണ താക്കീത് ലഭിച്ചിരുന്ന കുൽദീപ് വീണ്ടും നിയമം തെറ്റിച്ചാൽ അഞ്ച് റൺസ് പിഴ ചുമത്താൻ സാധ്യതയുണ്ടെന്ന് അമ്പയർ ചൂണ്ടിക്കാട്ടിയതോടെയാണ് റിഷഭ് പന്തിന് താരത്തോട് കയർത്തുസംസാരിക്കേണ്ടിവന്നത്.

“നീ ഇതെന്താ വീട്ടിലാണോ കളിക്കുന്നത്, 30 സെക്കൻഡ് സമയമേയുള്ളു. ദയവു ചെയ്ത് ഒരു പന്തെങ്കിലും എറിയൂ. കുൽദീപ് നിനക്ക് രണ്ട് തവണ താക്കീത് ലഭിച്ചതല്ലേ? നീ ഒരു മിനിറ്റിനുള്ളിൽ മുഴുവൻ ഓവറും എറിയേണ്ട, പക്ഷേ ഒരു പന്തെങ്കിലും എറിയൂ. നീ എന്താ ടെസ്റ്റ് ക്രിക്കറ്റിൽ തമാശ കളിക്കുകയാണോ? ഫീൽഡൊക്കെ ഞാൻ സെറ്റ് ചെയ്തോളാം, നീ ആദ്യം പന്തെറിയൂ, ബാക്കിയെല്ലാം ഞാൻ നോക്കിക്കൊള്ളാം”, എന്നാണ് പന്ത് വിക്കറ്റിന് പിറകിൽ നിന്ന് വിളിച്ചുപറഞ്ഞത്.

Content Highlights: Rishabh Pant loses cool on Kuldeep Yadav in Guwahati Test

dot image
To advertise here,contact us
dot image