'രാജീവിന്‍റെ ഓഫീസിൽ നിന്ന് വിളിച്ചെന്ന കാരണത്താൽ UDF സ്ഥാനാർത്ഥിയുടെ പത്രിക തള്ളി'; മുഹമ്മദ് ഷിയാസ്

പലയിടങ്ങളിലും മന്ത്രി പി രാജീവിന്‍റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന ആരോപണവുമായി മുഹമ്മദ് ഷിയാസ്

'രാജീവിന്‍റെ ഓഫീസിൽ നിന്ന് വിളിച്ചെന്ന കാരണത്താൽ UDF സ്ഥാനാർത്ഥിയുടെ പത്രിക തള്ളി'; മുഹമ്മദ് ഷിയാസ്
dot image

എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ മന്ത്രി പി രാജീവിനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പി രാജീവിന്റെ ഇടപെടൽ മൂലം അദ്ദേഹത്തിന്റെ മണ്ഡലമായ കളമശേരിയിലെ കരിമാലൂരിൽ ഒരു പത്രിക തള്ളിയെന്ന് ഷിയാസ് ആരോപിച്ചു.

മന്ത്രി രാജീവിന്റെ ഓഫീസിൽ നിന്ന് വിളിച്ചു എന്ന കാരണം പറഞ്ഞാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസർ മായാ ജോസിനെ മാറ്റിനിർത്തണം. ഇക്കാര്യം ഉന്നയിച്ച് പരാതി നൽകുമെന്നും ഷിയാസ് പറഞ്ഞു.

വരണാധികാരിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരുമാണ് ജില്ലാ പഞ്ചായത്തിലേക്ക് കടമക്കുടി ഡിവിഷനിൽ മത്സരിക്കാനിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി എൽസി ജോർജിന്റെ പത്രിക തള്ളാൻ ഇടയാക്കിയത്. വരണാധികാരിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. രാഷ്ട്രീയ താൽപര്യത്തോടെ ഉദ്യോഗസ്ഥർ പ്രവർത്തിച്ചു. ഇത് നിയമപരമായി കോടതിയിൽ ചോദ്യം ചെയ്യും. പലയിടങ്ങളിലും മന്ത്രി പി രാജീവിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ഷിയാസ് പറഞ്ഞു.

അതേസമയം തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണെന്നും കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റും ഭരണവും ലഭിക്കുമെന്നും ഷിയാസ് വ്യക്തമാക്കി. ജില്ലയിലെ മലയോര, തീരദേശ മേഖലകളിൽ വലിയ പ്രതിഷേധമാണ് സർക്കാരിനെതിരെ നിലനിൽക്കുന്നത്. സർക്കാരിന് വലിയ വരുമാനം എറണാകുളം ജില്ല നൽകിയിട്ടും തിരികെ ഒന്നും ലഭിക്കുന്നില്ല. കൊച്ചിയിലെ ഗതാഗത പ്രശ്‌നങ്ങൾ പോലും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. പുതിയ റോഡുകൾ ഇല്ല. ജില്ലയെ സർക്കാർ പാടെ അവഗണിക്കുകയാണ്.ഇത് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഷിയാസ് പറഞ്ഞു.

Content Highlights: DCC President Mohammed Shiyas slams Minister P Rajeev over rejection of UDF candidates' nominations

dot image
To advertise here,contact us
dot image