'സ്‌കൂളിന്റെ നിലത്തിരുന്ന് പഠിച്ച കുട്ടിക്ക് ഈ പദവി സ്വപ്‌നം കാണാനാകില്ല;സാധിച്ചത് ഭരണഘടനയും അംബേദ്കറും കാരണം'

ബുദ്ധമത പശ്ചാത്തലമുണ്ടെങ്കിലും താന്‍ മതേതരനാണെന്നും ബി ആര്‍ ഗവായ്

'സ്‌കൂളിന്റെ നിലത്തിരുന്ന് പഠിച്ച കുട്ടിക്ക് ഈ പദവി സ്വപ്‌നം കാണാനാകില്ല;സാധിച്ചത് ഭരണഘടനയും അംബേദ്കറും കാരണം'
dot image

ഡല്‍ഹി: ഭരണഘടനയും ബി ആര്‍ അംബേദ്കറും കാരണമാണ് തനിക്ക് ഈ പദവിയിലെത്താന്‍ സാധിച്ചതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. മുന്‍സിപ്പല്‍ സ്‌കൂളിന്റെ നിലത്തിരുന്ന് പഠിച്ച ഒരു കുട്ടിക്ക് ഈ പദവി സ്വപ്‌നം കാണാന്‍ പറ്റുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ബി ആര്‍ ഗവായ് പറഞ്ഞു. സുപ്രീം കോടതി അഡ്വക്കറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ (എസ്‌സിഎഒആര്‍എ) നല്‍കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു ഗവായ്‌യുടെ വൈകാരിക പ്രസംഗം.

'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഭരണഘടനയുടെ നാല് തൂണുകളും എന്റെ ജീവിതത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ആറ് മാസം കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്കും കഴിഞ്ഞ ആറര വര്‍ഷമായി സുപ്രീം കോടതി ജഡ്ജി എന്ന നിലയ്ക്കും ഞാന്‍ നേടിയതെല്ലാം ഈ സ്ഥാപനം കാരണമാണ്', ചീഫ് ജസ്റ്റിസ് പറഞ്ഞു.

താന്‍ ഒരു മതത്തെക്കുറിച്ചും ആഴത്തില്‍ പഠിച്ചിട്ടില്ലെന്നും എന്നാല്‍ ബുദ്ധമതമാണ് അനുശാസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുദ്ധമത പശ്ചാത്തലമുണ്ടെങ്കിലും താന്‍ മതേതരനാണെന്നും ഹിന്ദു, സിഖ്, ഇസ്‌ലാം, ക്രിസ്ത്യന്‍ തുടങ്ങി എല്ലാ മതത്തെയും വിശ്വസിക്കുന്നുവെന്നും ബി ആര്‍ ഗവായ് പറഞ്ഞു. അംബേദ്കറില്‍ വിശ്വസിക്കുന്ന പിതാവില്‍ നിന്നാണ് ഇതെല്ലാം പഠിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഒരിക്കലും കേന്ദ്രീകൃതമാകരുതെന്നും ബി ആര്‍ ഗവായ് പറഞ്ഞു. സുപ്രീം കോടതി ജഡ്ജി എല്ലാ ജഡ്ജിമാരെയും കേന്ദ്രീകരിച്ചുള്ളതായിരിക്കണമെന്നും ഗവായ് പറഞ്ഞു. തീരുമാനങ്ങള്‍ താന്‍ ഒറ്റയ്ക്ക് എടുത്തതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി ഒരു മഹത്തായ സ്ഥാപനമാണ്. ജഡ്ജിമാര്‍, ബാര്‍, രജിസ്ട്രി, സ്റ്റാഫ് തുടങ്ങി എല്ലാവരുടെയും പങ്കാളിത്തത്തോടെയാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും ബി ആര്‍ ഗവായ് പറഞ്ഞു. ഈ മാസം 23നാണ് ബി ആര്‍ ഗവായ് വിരമിക്കുന്നത്. ഇന്നാണ് അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തി ദിവസം. ജസ്റ്റിസ് സൂര്യ കാന്താണ് നിയുക്ത ചീഫ് ജസ്റ്റിസ്

Content Highlights: BR Gavai says he achieved this post because of BR Ambedkar and Constitution

dot image
To advertise here,contact us
dot image