

മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിക്കാതെ വെള്ളം ചുമന്ന് മാത്രം താൻ ഒരു വലിയ വീടുവച്ചെന്ന് മുൻ ഇന്ത്യൻ താരം പാര്‍ഥിവ് പട്ടേൽ. ഒരു കോമഡി ഷോയില്‍ പങ്കെടുക്കവെയാണ് പാര്‍ഥിവ് 2003 ലോകകപ്പിലെ അനുഭവങ്ങൾ തമാശരൂപേണ വെളിപ്പെടുത്തിയത്.
ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്നെങ്കിലും ഫൈനലുൾപ്പടെ ഒരു മത്സരത്തിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. രാഹുൽ ദ്രാവിഡായിരുന്നു ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ 125 റൺസിനു തോൽപിച്ചിരുന്നു.
' 85 ഏകദിനങ്ങളില്‍ ഞാന്‍ വെള്ളം കൊണ്ടുപോയിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ് വിക്കറ്റ് കീപ്പര്‍ ആയിരുന്നപ്പോള്‍ ഞാന്‍ വെള്ളം കൊണ്ടുനടന്നിരുന്നു. 2003 ലോകകപ്പ് മുഴുവന്‍ ഞാന്‍ വെള്ളം കൊടുത്തിരുന്നു. ആ സമയത്ത് വെള്ളം കൊണ്ടുനടന്ന് ഞാന്‍ ഒരു വലിയ വീട് പണിതു.' , ഷോയ്ക്കിടെ പാര്‍ഥിവ് പറഞ്ഞു.
17–ാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച താരമാണ് പാർഥിവ് പട്ടേൽ. ടെസ്റ്റ് ചരിത്രത്തില്‍ അരങ്ങേറുന്ന പ്രായംകുറഞ്ഞ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും പാർഥിവ് സ്വന്തമാക്കിയിരുന്നു.
2018-ല്‍ ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് പാര്‍ഥിവ് തന്റെ അവസാന മത്സരം കളിച്ചത്. 2020 ഡിസംബറില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചു. 25 ടെസ്റ്റുകളിലും 38 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി.
Content Highlights: Ex-India Star's Funny Remark On His 2003 World Cup Role