

ജമ്മു: നൗഗാന്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന സ്‌ഫോടനം ആകസ്മികമായി ഉണ്ടായതെന്ന് സ്ഥിരീകരിച്ച് ജമ്മു കശ്മീര്‍ ഡിജിപി. അപകടം ആസൂത്രിതമല്ലെന്നും മറ്റ് ഊഹാപോഹങ്ങള്‍ അനാവശ്യമാണെന്ന് ഡിജിപി നളിന്‍ പ്രഭാത് പറഞ്ഞു. ജെയ്‌ഷെ മുഹമ്മദിന്റെ അനുകൂല സംഘനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരീകരണവുമായി ഡിജിപി രംഗത്തെത്തിയത്.
ഇന്നലെ രാത്രിയാണ് പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ പൊലീസ് ഉദ്യോഹസ്ഥരും തഹസില്‍ദാറുമടക്കം ഒമ്പത് പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ നിലവില്‍ ശ്രീനഗറിലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തില്‍ പൊലീസ് സ്റ്റേഷന്റെ കെട്ടിടം തകര്‍ന്നിട്ടുണ്ട്.
ഫരീദാബാദില്‍ നിന്നും പിടിച്ചെടുത്ത സ്‌ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടനമുണ്ടായതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടകവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കുമ്പോഴായിരുന്നു അപകടം. ചെങ്കോട്ട സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ മുസമില്‍ ഗനിയയുടെ വാടക വീട്ടില്‍ നിന്നും 360 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പൊലീസ് കണ്ടുകെട്ടിയിരുന്നു. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കളില്‍ ചിലത് പൊലീസിന്റെ ഫോറന്‍സിക് ലാബിലും ചിലത് പൊലീസ് സ്‌റ്റേഷനിലുമാണ് സൂക്ഷിച്ചിരുന്നത്.
#BREAKING: Rescue work begins at Nowgam Police Station after deadly blast. J&K Police, Fire Brigade & Paramilitary on spot. More than 8 casualties likely in the explosion. Injured being rushed to Indian Army’s 92 Base Hospital & SKIMS. Buildings and vehicles around also damaged. pic.twitter.com/hqjwt9EC3d
— Aditya Raj Kaul (@AdityaRajKaul) November 14, 2025
അതേസമയം ഒക്ടോബര്‍ മധ്യത്തോടെ പൊലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകള്‍ നൗഗാമില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ശ്രീനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഗുരുതരമായ വിഷയമായി കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിന് ഒരു സംഘത്തെ നിയമിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ആരിഫ് നിസാര്‍ ദാര്‍ അഥവാ സാഹില്‍ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. യാസിര്‍ ഉല്‍ അഷറഫ്, മക്‌സൂദ് അഹ്‌മദ് ദാര്‍ അഥവാ ഷാഹിദ് തുടങ്ങിയവരും ഇതിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് ഇവരാണ് പോസ്റ്റര്‍ പതിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.
സാഹിലിനെ ചോദ്യം ചെയ്തതിന് പിന്നാലെ ഷോപിയാനില്‍ നിന്നുള്ള ഇമാം മൗലവി ഇര്‍ഫാന്‍ അഹ്‌മദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവര്‍ക്കും ഭീഷണി പോസ്റ്റര്‍ എത്തിച്ചത് ഇമാം ആണെന്നും ഡോക്ടര്‍മാരുടെ ഉള്ളില്‍ തീവ്രവാദ ചിന്താഗതി ഉണ്ടാക്കിയെടുക്കാന്‍ ഇയാള്‍ ശ്രമം നടത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ട്. മുസമില്‍ അഹ്‌മദ് ഗനിയയെയും ചെങ്കോട്ട കേസില്‍ അറസ്റ്റിലായ ഷഹീന്‍ സയീദിനെയും പോസ്റ്റര്‍ കേസിലും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റിന് പിന്നാലെ ഇവരില്‍ നിന്നും അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍ അടക്കമുള്ള രാസവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. അതേസമയം ചെങ്കോട്ട കേസില്‍ കഴിഞ്ഞ ദിവസം മൂന്ന് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോ. മുഷ്തകീം, ഡോ. മുഹമ്മദ്, ഡോ. റെഹാന്‍ ഹയാത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Content Highlights: Jammu Kashmir DGP says police station incident is accidental