അഭിഭാഷകന് സംഭവിച്ച പിഴവ്; പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യാനൊരുങ്ങി 'ഹാൽ' സിനിമയുടെ അണിയറപ്രവർത്തകർ

സെൻസർ ബോർഡിന്റെ നിബന്ധനകൾ ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും സിനിമയുടെ ഉള്ളടക്കത്തിലേക്കുള്ള കടന്നുകയറ്റം അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ആയിരുന്നു കോടതി ഉത്തരവിൽ പറഞ്ഞത്

അഭിഭാഷകന് സംഭവിച്ച പിഴവ്; പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യാനൊരുങ്ങി 'ഹാൽ' സിനിമയുടെ അണിയറപ്രവർത്തകർ
dot image

ഹാൽ’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കോടതിയുടെ ചില നിർദേശങ്ങൾ ചോദ്യം ചെയ്ത് അണിയറപ്രവർത്തകർ ഇന്ന് പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യും. സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിലും ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയതുമായി സെൻസർ ബോർഡിന്റെ തീരുമാനത്തെ കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സിനിമയിൽ നിർദ്ദേശിച്ച രണ്ട് മാറ്റങ്ങൾ സിനിമയുടെ അണിയറപ്രവർത്തകർക്ക് സമ്മതമാണെന്ന പരാമർശം അഭിഭാഷകന്റെ ഭാഗത്തു നിന്ന് ഉണ്ടാകുകയും തുടർന്ന് ഇവ മാറ്റി വീണ്ടും സെൻസർ ബോർഡിന് അപേക്ഷ നൽകാനും നിർമാതാക്കളോട് കോടതി നിർദേശിച്ചു. എന്നാൽ ഇത് അണിയറപ്രവർത്തകരുടെ അഭിഭാഷകന്റെ പക്കൽ നിന്നുള്ള പിഴവാണ് എന്ന് വ്യക്തമാക്കുകയാണ് സിനിമയുടെ സംവിധായകൻ.

അഭിഭാഷകന് സംഭവിച്ച ഈ പിഴവിനാലാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ ഒരുങ്ങുന്നത്. നിലവിൽ അഭിഭാഷകനെ കേസിൽ നിന്നും മാറ്റിയിട്ടുണ്ട്. സെൻസർ ബോർഡിന്റെ നിബന്ധനകൾ ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും സിനിമയുടെ ഉള്ളടക്കത്തിലേക്കുള്ള കടന്നുകയറ്റം അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ആയിരുന്നു കോടതി ഉത്തരവിൽ പറഞ്ഞത്. വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്കരിക്കുന്നതിനാൽ, അതിനെ ‘ലൗ ജിഹാദ്’ എന്ന് പറഞ്ഞ് ‘എ’ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നു പോകുന്നതാണെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

സിനിമയുടെ പ്രമേയം പരസ്പര വിശ്വാസങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതല്ലെന്നും അസഹിഷ്ണുതയുള്ളതായി ഇത്തരം ബന്ധങ്ങളെ ചിത്രീകരിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ‘ഹാൽ’ സിനിമ ലൗ ജിഹാദ് അല്ല, മതേതര ലോകത്തിൻ്റെ സന്ദേശം അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. മതപരമായ നിയന്ത്രണങ്ങളെ മറികടക്കാൻ പ്രണയത്തിന് കഴിയുമെന്നും സിനിമ സംസാരിക്കുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു.

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിന്‍ നിഗം നായകനാകുന്ന സിനിമയാണ് ഹാല്‍. ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ ബീഫ് ബിരിയാണി രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്സി അറിയിച്ചിരുന്നു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റെങ്കിലും നല്‍കാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്.

Content Highlights: Haal film makers to file petition

dot image
To advertise here,contact us
dot image