വിജയത്തിന് പിന്നാലെ അപ്രത്യക്ഷമായ പോസ്റ്റ്,ബിഹാറിൽ നിതീഷ് കാൽ നൂറ്റാണ്ട് തികയ്ക്കുമോ;മുഖ്യമന്ത്രി കസേരയിൽ ആര്?

നിതീഷിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രിയാക്കുമോ എന്നതില്‍ മോദി വ്യക്തത നല്‍കിയിരുന്നില്ല

വിജയത്തിന് പിന്നാലെ അപ്രത്യക്ഷമായ പോസ്റ്റ്,ബിഹാറിൽ നിതീഷ് കാൽ നൂറ്റാണ്ട് തികയ്ക്കുമോ;മുഖ്യമന്ത്രി കസേരയിൽ ആര്?
dot image

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കി എന്‍ഡിഎ സഖ്യം. എക്‌സിറ്റ് പോളിനെ മറികടന്ന് കൊണ്ട് ഞെട്ടിക്കുന്ന വിജയം സ്വന്തമാക്കിയതിന് പിന്നാലെ ആരാകും ബിഹാര്‍ മുഖ്യമന്ത്രി എന്ന ചോദ്യം ബാക്കിയാവുകയാണ്. നിതീഷ് കുമാറിനെ പ്രധാന മുഖമാക്കി തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാര് എന്ന ചോദ്യത്തിന് എന്‍ഡിഎ മൗനം പാലിക്കുകയായിരുന്നു. നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രി കസേരയിലിരിക്കും എന്ന അഭ്യൂഹങ്ങള്‍ പരക്കുമ്പോളും ജനതാദള്‍ യുനൈറ്റഡ് പിന്‍വലിച്ച ഫേസ്ബുക്ക് പോസ്റ്റ് ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

ബിഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങി സ്ഥിതിഗതികള്‍ ഏകദേശം ഉറപ്പായതോടെ മുഖ്യമന്ത്രി നിതീഷ് തന്നെ എന്ന് ഉയര്‍ത്തിക്കാട്ടി ജെഡിയു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കകം പോസ്റ്റ് പിന്‍വലിക്കപ്പെടുകയും ചെയ്തു. 'നിതീഷ് ബിഹാറിന്റെ മുഖ്യമന്ത്രിയായിരുന്നു, അദ്ദേഹം ഇനിയും തുടരും' എന്ന് കുറിച്ച പോസ്റ്റാണ് പിന്‍വലിക്കപ്പെട്ടതും രാഷ്ട്രീയ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചതും. മുഖ്യമന്ത്രി കസേരയിലേക്ക് മറ്റൊരാള്‍ എത്തിയേക്കാം എന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു ജെഡിയുവിന്റെ പോസ്റ്റ് പിന്‍വലിക്കല്‍.

പ്രചാരണ വേളയിലും ആരാകും മുഖ്യമന്ത്രി എന്ന് അമിത് ഷായോട് മാധ്യമങ്ങളും മറ്റും ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷികള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നായിരുന്നു അമിത് ഷായുടെ മറുപടി. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നിതീഷിനെ മുഖ്യമന്ത്രിയാക്കുമോ എന്ന കാര്യത്തില്‍ നരേന്ദ്ര മോദി വ്യക്തത നല്‍കിയിരുന്നില്ല. ഇതും 'അടുത്ത മുഖ്യമന്ത്രി ആര്' എന്ന ചോദ്യം ഉയരാന്‍ കാരണമായിട്ടുണ്ട്.

മഹാരാഷ്ട്രയിലേത് പോലെ തങ്ങളുടെ നേതാവിനെ തന്നെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്താന്‍ ബിജെപി ശ്രമിക്കുന്നു എന്നും അഭ്യൂഹവും പരക്കുന്നുണ്ട്. 2024ല്‍ നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ മുന്‍നിര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചരണം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വിജയത്തില്‍ കലാശിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിലേക്ക് പോയി. ഇത്തരത്തില്‍ ബിജെപിയുടെ അട്ടിമറി ബിഹാറിലും നടക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

20 വർഷമായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന നിതീഷ് തന്റെ കരുത്ത് വീണ്ടും തെളിയിക്കുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ആ കൈകളിലേക്ക് പോകുമോ? അതോ, 89 സീറ്റുകള്‍ സ്വന്തമാക്കി അരക്കെട്ടുറപ്പിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ബിജെപി അതിനും മുകളില്‍ പിടിമുറുക്കുമോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്.

ഉപമുഖ്യമന്ത്രിയായിരുന്ന സാമ്രാട്ട് ചൗധരിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ പ്രധാനമാണ്. ബിഹാര്‍ രാഷ്ട്രീയത്തിലെ പരിചയ സമ്പന്നതയും സംഘടനാ വൈദഗ്ധ്യവും ചൗധരിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. അതേസമയം ബിഹാറില്‍ ജെഡിയുവിന്റെ മുന്നണിയിലെ പ്രാധാന്യം കുറയ്ക്കുന്നതിനായി ബിജെപി തുടക്കം മുതല്‍ ശ്രമിച്ചിരുന്നു. ഇതിനായുള്ള നീക്കങ്ങള്‍ സീറ്റ് പങ്കുവയ്ക്കുമ്പോള്‍ മുതല്‍ ബിജെപി നടത്തിയിരുന്നു.

അഭ്യൂഹങ്ങളും നിഗമനങ്ങളും നിലനില്‍ക്കുമ്പോഴും മുഖ്യമന്ത്രി കസേരയില്‍ നിന്ന് നിതീഷിനെ നീക്കുക ബിജെപിക്ക് അത്ര എളുപ്പമാകില്ല. 20 വര്‍ഷങ്ങള്‍ മുഖ്യമന്ത്രി കസേരയിലിരുന്ന നിതീഷ് താന്‍ ഇപ്പോഴും ശക്തനാണെന്ന് ഈ തെരഞ്ഞെടുപ്പിലും തെളിയിച്ചു കഴിഞ്ഞു. ഈ വസ്തുത പാടെ അവഗണിക്കാന്‍ ബിജെപിക്ക് കഴിയില്ല. പിന്നാക്ക വിഭാഗക്കാരെയും സ്ത്രീകളെയും ലക്ഷ്യമിട്ട് നിതീഷ് നടത്തിയ പ്രചEണമാണ് എന്‍ഡിഎ സഖ്യത്തെ ചരിത്ര വിജയത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലുകളുമുണ്ട്.

ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ എന്‍ഡിഎയുടെ പ്രധാനാകര്‍ഷണം നിതീഷ് കുമാര്‍ തന്നെയായിരുന്നു. നിതീഷ് മുന്നില്‍ നിന്ന് നയിക്കുന്ന ഭരണകൂടത്തെ ബിഹാര്‍ ജനത ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നാണ് കരുതേണ്ടത്. ഇത്തവണ കൂടി നിതീഷ് തന്നെ ബിഹാറിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയാല്‍ അധികാരത്തിന്റെ കാല്‍ നൂറ്റാണ്ടുകള്‍ നിതീഷ് തികയ്ക്കും.

നിതീഷിനെ മറികടന്ന് മറ്റൊരു മുഖ്യമന്ത്രി പ്രഖ്യാപനം എന്‍ഡിഎ സഖ്യത്തില്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും ബിജെപി അവകാശവാദം ഉന്നയിക്കാനാണ് സാധ്യത. മറ്റ് സഖ്യകക്ഷികളെ ചേര്‍ത്ത് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുന്നയിക്കാനുള്ള സാധ്യതയും തള്ളിക്കളായനാകില്ല. എന്നാല്‍, കേന്ദ്രത്തില്‍ 12 ജെഡിയു എംപിമാരുടെ പിന്തുണയുള്ളതിനാല്‍ ബിജെപിക്ക് നിതീഷിനെ അത്ര വേഗത്തില്‍ പിണക്കാനുമാവില്ല. കൂടാതെ ആവശ്യമെങ്കില്‍ എതിര്‍പക്ഷത്ത് നിന്നും സഖ്യമുണ്ടാക്കാന്‍ നിതീഷ് കുമാര്‍ മുതിരും എന്നതും ബിജെപിയെ പിന്നോട്ട് വലിക്കാന്‍ സാധ്യതയുണ്ട്.

Content Highlight; Nitish Kumar Was, Is, and Will Remain CM: JD(U)’s Now-Deleted X Post Sparks Controversy

dot image
To advertise here,contact us
dot image