ബിഹാറില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയത്തിലെത്തിച്ചത് എന്‍ഡിഎയുടെ ഐക്യം: നിതീഷ് കുമാര്‍

ബിഹാര്‍ കൂടുതല്‍ പുരോഗതി കൈവരിക്കുകയും രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമായി മാറുകയും ചെയ്യുമെന്നും നിതീഷ് കുമാർ പറഞ്ഞു

ബിഹാറില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയത്തിലെത്തിച്ചത് എന്‍ഡിഎയുടെ ഐക്യം: നിതീഷ് കുമാര്‍
dot image

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സഖ്യത്തിന്റെ വിജയത്തില്‍ പ്രതികരണവുമായി നിതീഷ് കുമാര്‍. വിജയത്തില്‍ വോട്ടര്‍മാര്‍ക്കും സഖ്യകക്ഷികള്‍ക്കും നിതീഷ് കുമാര്‍ നന്ദി പറഞ്ഞു. എല്ലാവരുടെയും പിന്തുണയോടെ ബിഹാര്‍ ഇനിയും മുന്നേറുമെന്നും രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമാകുമെന്നും നിതീഷ് കുമാര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. എന്‍ഡിഎ സഖ്യത്തിന്റെ ഐക്യമാണ് മികച്ച ഭൂരിപക്ഷത്തോടെയുളള വിജയത്തിന് കാരണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

'ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നല്‍കിക്കൊണ്ട് സംസ്ഥാനത്തെ ജനങ്ങള്‍ ഞങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ആദരണീയരായ വോട്ടര്‍മാരെയും എന്റെ നന്ദി അറിയിക്കുകയാണ്. ഞങ്ങള്‍ക്ക് നല്‍കിയ അകമഴിഞ്ഞ പിന്തുണയ്ക്ക് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിക്കുന്നു. എന്‍ഡിഎയുടെ ഐക്യമാണ് സഖ്യം വന്‍ ഭൂരിപക്ഷം നേടാന്‍ കാരണമായത്. ഈ ഉജ്ജ്വല വിജയത്തിന് എന്‍ഡിഎ സഖ്യത്തിലെ ചിരാഗ് പാസ്വാന്‍, ജിതന്‍ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ തുടങ്ങി എല്ലാ കക്ഷികള്‍ക്കും നന്ദി അറിയിക്കുന്നു. നിങ്ങള്‍ ഏവരുടെയും പിന്തുണയോടെ ബിഹാര്‍ കൂടുതല്‍ പുരോഗതി കൈവരിക്കുകയും രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമായി മാറുകയും ചെയ്യും': നിതീഷ് കുമാര്‍ എക്‌സില്‍ കുറിച്ചു.

നവംബര്‍ ആറിനും പതിനൊന്നിനുമായി രണ്ട് ഘട്ടങ്ങളായാണ് ബിഹാറില്‍ വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനവും രണ്ടാം ഘട്ടത്തില്‍ 67.14 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആകെ 246 മണ്ഡലങ്ങളില്‍ 202 സീറ്റുകളിലും എന്‍ഡിഎ സഖ്യമാണ് വിജയിച്ചത്. 35 സീറ്റുകളില്‍ മാത്രമാണ് മഹാഗഡ്ബന്ധന് വിജയിക്കാനായത്. 89 സീറ്റുകളോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി മാറി. ജെഡിയുവിന് 85 സീറ്റുകള്‍ നേടാനായി. അതേസമയം, മഹാസഖ്യത്തിലെ പ്രധാന കക്ഷിയായ ആര്‍ജെഡിക്ക് 25 സീറ്റുകള്‍ മാത്രമാണ് നേടാനായത്. കോണ്‍ഗ്രസിന് കേവലം ആറ് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.

Content Highlights: NDA's unity brought victory in Bihar with huge majority: Nitish Kumar

dot image
To advertise here,contact us
dot image