തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് കൂട്ടുകച്ചവടം; ഉവൈസിയും ധാരണയുണ്ടാക്കി;തോൽവി വിലയിരുത്താൻ ഹൈക്കമാൻഡ്

2020 ലെ പരാജയത്തിന്റെ കയ്പ് മറികടക്കാനായിരുന്നു ഇത്തവണ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേരത്തെ കളത്തിലിറങ്ങിയത്

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് കൂട്ടുകച്ചവടം; ഉവൈസിയും ധാരണയുണ്ടാക്കി;തോൽവി വിലയിരുത്താൻ ഹൈക്കമാൻഡ്
dot image

ന്യൂഡല്‍ഹി: ബിഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം പങ്കെടുക്കുന്ന യോഗം അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ പുരോഗമിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും യോഗത്തിലുണ്ട്. ബിഹാറില്‍ വന്‍അട്ടിമറി നടന്നുവെന്നാണ് വിലയിരുത്തല്‍.

ന്യൂനപക്ഷ വോട്ടുകള്‍ പിളര്‍ത്താന്‍ എഐഎംഐഎം മേധാവി അസുദുദ്ദീന്‍ ഉവൈസിയുമായി ചേര്‍ന്ന് ബിജെപി ധാരണയുണ്ടാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് കൂട്ടുകച്ചവടം നടത്തിയെന്നുമാണ് ആരോപണം. നൂറ് ശതമാനം വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ പരാജയം നേരിട്ടത് അട്ടിമറി നടന്നുവെന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.

2020 ലെ പരാജയത്തിന്റെ കയ്പ് മറികടക്കാനായിരുന്നു ഇത്തവണ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേരത്തെ കളത്തിലിറങ്ങിയത്. എന്നാല്‍ കടുത്ത നിരാശ നല്‍കുന്നതായിരുന്നു ഫലം. കഴിഞ്ഞ തവണ 70 സീറ്റില്‍ മത്സരിച്ച 19 സീറ്റ് നേടിയപ്പോല്‍ ഇത്തവണ 60 സീറ്റില്‍ മത്സരിച്ച് ആറ് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് കുമാര്‍ ഉള്‍പ്പെടെ തോറ്റു.

എന്‍ഡിഎയുടെ സമ്പൂര്‍ണ്ണ വിജയം വോട്ട് ചോരിയുടെ ഫലമെന്നാണ് ഇന്‍ഡ്യാ സഖ്യത്തിലെ കക്ഷികള്‍ ആരോപിക്കുന്നത്. വോട്ട് വിഹിതത്തിലെ വ്യത്യാസവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി ഭരണം ഏറ്റെടുക്കാനിരിക്കുമ്പോഴും ആര്‍ജെഡിക്ക് ആശ്വാസമാണ് വോട്ട് വിഹിതം. ബിജെപിയേക്കാളും ജെഡിയുവിനേക്കാളും വോട്ട് വിഹിതം ഇത്തവണ ആര്‍ജെഡി നേടിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പ്രകാരം 22.79 ശതമാനം വോട്ട് വിഹിതമാണ് ഇത്തവണ ആര്‍ജെഡി നേടിയത്. ഇത് ബിജെപിയേക്കാള്‍ 2.27 ശതമാനവും ജെഡിയുവിനേക്കാള്‍ 3.8 ശതമാനവും കൂടുതലാണ്. ബിജെപിക്ക് 20.08 ശതമാനവും ജെഡിയുവിന് 19.25 ശതമാനവുമാണ് വോട്ട് വിഹിതം. കഴിഞ്ഞ ദിവസമായിരുന്നു ബിഹാറിലെ വോട്ടെണ്ണല്‍. ബിജെപി 89 സീറ്റും ജെഡിയു 85 സീറ്റും നേടി. എന്‍ഡിഎ സഖ്യം ആകെ നേടിയത് 202 സീറ്റുകളാണ്.

Content Highlights: Bihar Election Congress High Command Meeting In Mallikarjun Kharge Residents

dot image
To advertise here,contact us
dot image