തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കും; ഭരണഘനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി

ബിഹാറിലെ ഫലം അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം സമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു

തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കും; ഭരണഘനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള  പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി
dot image

ന്യൂഡല്‍ഹി: ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഫലം അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം സമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു.

തുടക്കം മുതല്‍ തന്നെ നീതിയുക്തമല്ലാതിരുന്ന ഒരു തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വിജയം നേടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്‍ഡ്യാ സഖ്യവും ഈ ഫലത്തെ ആഴത്തില്‍ അവലോകനം ചെയ്യുകയും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയും ചെയ്യുമെന്നും രാഹുൽ വ്യക്തമാക്കി.

'മഹാഗത്ബന്ധനില്‍ വിശ്വാസമര്‍പ്പിച്ച ബിഹാറിലെ ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ബിഹാറിലെ ഫലം ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. തുടക്കം മുതല്‍ തന്നെ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വിജയം ഉറപ്പാക്കാന്‍ കഴിഞ്ഞില്ല. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്‍ഡ്യാ സഖ്യവും ഈ ഫലത്തെ ആഴത്തില്‍ അവലോകനം ചെയ്യുകയും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയും ചെയ്യും', രാഹുല്‍ കുറിച്ചു.

അതേസമയം, ബിഹാറിലെ വമ്പൻ വിജയത്തിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. കോൺഗ്രസിനെ 'മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് (എംഎംസി) എന്ന് വിശേഷിപ്പിച്ച മോദി കോൺഗ്രസ് പാർട്ടിയിലെ ഒരു വിഭാഗം ഈ 'നെഗറ്റീവ് അജണ്ട'യോട് യോജിക്കുന്നില്ലെന്നും പ്രസ്താവിച്ചു. ബിഹാറിലെ വൻ വിജയത്തിനുശേഷം ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ന് കോൺഗ്രസ് എംഎംസി-മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് ആയി മാറിയിരിക്കുന്നു. ഇപ്പോൾ കോൺഗ്രസിന്റെ മുഴുവൻ അജണ്ടയും ഇതിനെ ചുറ്റിപ്പറ്റിയാണ്. കോൺഗ്രസിൽ മറ്റൊരു വലിയ പിളർപ്പ് ഉണ്ടാകുമെന്ന് ഞാൻ ഭയപ്പെടുന്നു', മോദി പറഞ്ഞു. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബെഗുസരായ്‌യിലെ കുളത്തിൽ ഇറങ്ങിയതിനെയും മോദി പരിഹസിച്ചു.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്വയം മുങ്ങിത്താഴാനും മറ്റുള്ളവരെ മുക്കാനും ശ്രമിച്ചുവെന്നായിരുന്നു പരിഹാസം. കോണ്‍ഗ്രസ് എല്ലാവരെയും അതിന്റെ നെഗറ്റീവ് രാഷ്ട്രീയത്തില്‍ മുക്കിക്കൊല്ലുകയാണെന്ന് കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ പോലും മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. ജംഗിള്‍ രാജ് ഒരിക്കലും ബിഹാറിലേക്ക് തിരിച്ചുവരില്ല. ആര്‍ജെഡി ഭരണത്തിന്‍ കീഴില്‍ വര്‍ഷങ്ങളോളം ജംഗിള്‍ രാജിന്റെ ഭീകരത സഹിച്ച ബിഹാറിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഇന്നത്തെ വിജയം സമര്‍പ്പിക്കുന്നു. കോണ്‍ഗ്രസിന്റെയും ചെങ്കൊടിക്കാരുടെയും ഭീകരതയാല്‍ ഭാവി നശിച്ചുപോയ ബിഹാറിലെ യുവാക്കളുടേതാണ് വിജയം. ബിഹാര്‍ വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ്. ഈ യാത്ര അസാനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Rahul Gandhi on Congress poll debacle in Bihar

dot image
To advertise here,contact us
dot image