

കോഴിക്കോട്: പാലത്തായി കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ പ്രതികരിച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. ബിജെപിക്കാരനായ പ്രതിയെ സംരക്ഷിക്കാന്‍ അന്നത്തെ സ്ഥലം എംഎല്‍എയായ താന്‍ ശ്രമിച്ചുവെന്ന് യുഡിഎഫിലെ ചിലര്‍ കള്ളക്കഥ പ്രചരിപ്പിച്ചുവെന്നും എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം തന്റെ ഒപ്പം നിന്നുവെന്നും ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
വ്യാജപ്രചരണം നടത്തിയവര്‍ കേസ് അട്ടിമറിക്കാന്‍ കഴിയുമോ എന്ന് പരിശ്രമിച്ചവരാണ്. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെയും അഭിഭാഷകനായ ശ്രീജിത്തിന്റെയും സംഘത്തിന്റെയും കൃത്യമായ ഇടപെടലാണ് കോടതിയുടെ കണ്ടെത്തലിന് കാരണമായത്. ഇത്തരം കേസുകളില്‍ രാഷ്ട്രീയമോ ജാതിയോ മതമോ നോക്കിയല്ല ഇടപ്പെടുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവം നോക്കിയാണ്. പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെ കെ ശൈലജ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പാലത്തായി കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ഒരു കൊച്ചു പെണ്‍കുട്ടിയെ സ്‌കൂളിലെ അധ്യാപകന്‍ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവമായിരുന്നു അത്. ബിജെപിക്കാരനായ പ്രതിയെ സംരക്ഷിക്കാന്‍ അന്നത്തെ സ്ഥലം എംഎല്‍എയായ ഞാന്‍ പരിശ്രമിക്കുന്നു എന്ന കള്ളക്കഥ പ്രചരിപ്പിക്കാന്‍ യുഡിഎഫിലെ ചിലര്‍ നിരന്തരമായി ശ്രമിച്ചിരുന്നു. രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് വൃത്തികെട്ട മനസ്സിന്റെ ഉടമകളായ അവര്‍ അങ്ങനെ ചെയ്തത്.
പെണ്‍കുട്ടിക്കോ കുടുംബത്തിനോ അങ്ങനെയൊരഭിപ്രായം ഉണ്ടായിരുന്നില്ല. അന്നും ഇന്നും. കേസന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കാനും പെണ്‍കുട്ടിയെ ആശ്വസിപ്പിക്കാനും എംഎല്‍എ എന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍ അവര്‍ക്കറിയാം. വ്യാജപ്രചരണം നടത്തിയവര്‍ കേസ് അട്ടിമറിക്കാന്‍ കഴിയുമോ എന്ന് പരിശ്രമിച്ചവരാണ്. അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരുടെയും അഡ്വ ശ്രീജിത്തിന്റെയും സംഘത്തിന്റെയും കൃത്യമായ ഇടപെടലാണ് കോടതിയുടെ കണ്ടെത്തലിന് കാരണമായത്. ഇത്തരം കേസുകളില്‍ രാഷ്ട്രീയമോ ജാതിയോ മതമോ നോക്കിയല്ല ഇടപ്പെടുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവം നോക്കിയാണ്. നാളെയാണ് കോടതി ശിക്ഷ വിധിക്കുന്നത്. പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
Content Highlights- K K Shailaja facebook post over palathayi pocso case court verdict