ഡല്‍ഹി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ യുപി സ്വദേശിയും; പൊലിഞ്ഞത് കുടുംബത്തിന്റെ ഏക ആശ്രയം

സ്‌ഫോടനം നടന്നതിന് സമീപത്തും ആശുപത്രി പരിസരങ്ങളിലുമായി നിരവധിപ്പേരാണ് ഉറ്റവരെയോര്‍ത്ത് അലമുറയിടുന്നത്

ഡല്‍ഹി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ യുപി സ്വദേശിയും; പൊലിഞ്ഞത് കുടുംബത്തിന്റെ ഏക ആശ്രയം
dot image

ന്യൂഡല്‍ഹി: തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ കാര്‍ സ്‌ഫോടനത്തില്‍ കത്തിയമര്‍ന്നത് നിരവധിപ്പേരുടെ പ്രതീക്ഷകള്‍ കൂടിയാണ്. സ്‌ഫോടനം നടന്നതിന് സമീപത്തും ആശുപത്രി പരിസരങ്ങളിലുമായി നിരവധിപ്പേരാണ് ഉറ്റവരെയോര്‍ത്ത് അലമുറയിടുന്നത്.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഒമ്പത് പേരില്‍ ഒരാളായ അശോക് കുമാര്‍ എട്ട് പേരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ഉത്തര്‍പ്രദേശിലെ അമ്രോഹ സ്വദേശിയായ അശോകിന്റെ വിയോഗത്തില്‍ ദുഃഖിക്കുകയാണ് നാട്. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായിരുന്നു അശോക്. ജോലികഴിഞ്ഞ് മടങ്ങവെയായിരുന്നു ദാരുണമായ സംഭവമുണ്ടായതെന്നാണ് വിവരം. ഡല്‍ഹി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ അശോകിന്റെ പേര് കണ്ടപ്പോള്‍ ഞെട്ടിയെന്ന് ബന്ധുവായ പപ്പു എന്‍ഡിടിവിയോട് പറഞ്ഞു.

അശോക് ബൈക്കിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും അത് ഇപ്പോള്‍ കാണുന്നില്ലെന്നും പപ്പു പറഞ്ഞു. സ്‌ഫോടനം നടക്കുമ്പോള്‍ അശോക് ഡ്യൂട്ടിയിലായിരുന്നോ എന്ന ചോദ്യത്തിന്, ചിലപ്പോള്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നിരിക്കാമെന്നും അല്ലെങ്കില്‍ എവിടെയെങ്കിലും പോയതാവാമെന്നും പപ്പു പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെ ജഗത്പൂരിലാണ് അശോക് ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്നത്.

പകല്‍ സമയത്ത് കണ്ടക്ടറായും രാത്രിയില്‍ സെക്യൂരിറ്റി ഗാര്‍ഡായും ജോലി ചെയ്താണ് അശോക് കുടുംബം പോറ്റിയത്. ഡല്‍ഹി സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന എല്‍എന്‍ജെപി ആശുപത്രിക്ക് പുറത്തു നിന്നും സങ്കടകരമായ കാഴ്ചകളാണ് പുറത്തുവരുന്നത്.

സ്‌ഫോടനത്തിന്റെ മറ്റൊരു ഇരയാണ് ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസുകാരനായ അമര്‍ കട്ടാരിയ. ശ്രീനിവാസ്പുരി നിവാസിയായ 34 കാരനായ അമര്‍ ചെങ്കോട്ടയില്‍ നിന്ന് ഏകദേശം ആറുകിലോമീറ്റര്‍ അകലെയുള്ള ഭഗീരഥ് പാലസിലെ തന്റെ ഫാര്‍മസി അടച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്.

Content Highlights: Delhi Bus Conductor Killed In Red Fort incident

dot image
To advertise here,contact us
dot image