

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷാഹ്ദാരയിലെ ഗൗരി ശങ്കര്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ബൈക്കില്‍ പോയതായിരുന്നു 28 കാരനായ അങ്കുഷ് ശര്‍മ്മയും 20 കാരനായ രാഹുല്‍ കൗശിക്കും. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍, ട്രാഫിക് സിഗ്നലില്‍ വണ്ടി നിര്‍ത്തി. സമയം വൈകുന്നേരം 6.52 ആയിരുന്നു. ഹ്യുണ്ടായ് ഐ20 വാഹനം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അങ്കുഷ് മറ്റൊരു കാറിലേക്ക് തെറിച്ചു വീണു. മുഖത്തും ശരീരത്തിലും 80 ശതമാനം പൊള്ളലേറ്റു. റോഡിലേക്ക് വീണ രാഹുലിന്റെ കാലുകള്‍ക്കും ശരീരത്താകെയും പരിക്കേറ്റു. മുടി മുഴുവന്‍ കത്തിക്കരിഞ്ഞിരുന്നു.
സാരമായി പരിക്കേറ്റിട്ടും സുഹൃത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ രാഹുല്‍ സന്നദ്ധത കാണിച്ചു. പക്ഷേ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രാഹുലിന്റെ നില വഷളായി. തുടർന്ന് ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവങ്ങളെല്ലാം എന്‍ഡിടിവിയോട് വിവരിക്കുമ്പോള്‍ രാഹുലിന്റ അമ്മ കരയുന്നുണ്ടായിരുന്നു. ഡല്‍ഹിയില്‍ എല്ലാ സുരക്ഷയും ഉണ്ടായിട്ടും ഇത്രയും വലിയൊരു സ്‌ഫോടനം നടന്നതില്‍ ഞെട്ടലുണ്ടെന്നാണ് പരിക്കേറ്റവരുടെ കുടുംബം പറയുന്നത്.
'ആകെ ഭയന്നാണ് അവൻ വീട്ടിലെത്തിയത്. അവന്റെ കാലുകള്‍ക്കും കൈകള്‍ക്കും തലയ്ക്കും ചെവികള്‍ക്കും പരിക്കേറ്റു. അവന്റെ കേള്‍വിശക്തി തകരാറിലായി', രാഹുലിന്റെ അമ്മ പറഞ്ഞു. അങ്കുഷിന്റെ മുഖത്തിന് പൂര്‍ണ്ണമായും പൊള്ളലേറ്റുവെന്നും പ്ലാസ്റ്റിക് സര്‍ജറി ആവശ്യമാണെന്നും സഹോദരന്റെ ഭാര്യ പറഞ്ഞു.
'ഈ സംഭവം ഞങ്ങള്‍ക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഡല്‍ഹിയില്‍ എല്ലാ സുരക്ഷയും ഒരുക്കിയിട്ടും ഇത്രയും വലിയൊരു സ്‌ഫോടനം നടന്നു. ഇതൊരു ചെറിയ കാര്യമല്ല. ഇത് ഒരിക്കലും വെച്ചുപൊറുപ്പിക്കിരുത്', അവര്‍ കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരുടെ കുടുംബം സര്‍ക്കാര്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ചെങ്കോട്ടയ്ക്ക് സമീപം കാറില്‍ നടന്ന സ്‌ഫോടനംത്തിൽ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ മറ്റൊരു സ്‌ഫോടനം കൂടി നടന്നു. 6.55 ഫയര്‍ അലാം ഓണ്‍ ആകുകയും ഏഴ് മണിയോടെ പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. പിന്നാലെ ഏഴ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. 7.10 ഓടെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി. 7.15 ഓടെ ആദ്യ മരണം സ്ഥിരീകരിച്ചു. ഏഴരയോടെ തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ എട്ട് പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരാള്‍ കൂടി മരിച്ചു. മുപ്പതോളം പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് യുഎപിഎ ചുമത്തി കേസ് എടുത്തിട്ടുണ്ട്.
Content Highlights: Family Of Injured Says Red Fort Car Blast Was A Huge Shock