സുന്ദറിന്റെയും രാഹുലിന്റെയും ഐപിഎൽ ടീം മാറ്റം; ഔദ്യോ​ഗിക ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്

രവിചന്ദ്രൻ അശ്വിന് പകരക്കാരനായി ഒരു ഇന്ത്യൻ ഓൾറൗണ്ടറെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ആ​ലോചിച്ചിരുന്നു

സുന്ദറിന്റെയും രാഹുലിന്റെയും ഐപിഎൽ ടീം മാറ്റം; ഔദ്യോ​ഗിക ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്
dot image

ഐപിഎല്ലിൽ അടുത്ത സീസണിന് മുമ്പായി ഇന്ത്യൻ താരങ്ങളായ വാഷിങ്ടൺ സുന്ദറിന്റെയും കെ എൽ രാഹുലിന്റെയും ടീം മാറ്റത്തിനുള്ള ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. വാഷിങ്ടൺ സുന്ദർ ചെന്നൈ സൂപ്പർ കിങ്സിലേക്കും കെ എൽ രാഹുൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കും പോകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സുന്ദറിനെ ചെന്നൈ സൂപ്പർ കിങ്സ് വേണ്ടെന്നുവെച്ചുവെന്ന് ക്രിക്കറ്റ് മാധ്യമമായ ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. കെ എൽ രാഹുൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ എത്തുന്നതിനുള്ള സാധ്യതകൾ ഏറെക്കുറെ പൂർണമായും അവസാനിച്ചു.

രവിചന്ദ്രൻ അശ്വിൻ ചെന്നൈ സൂപ്പർ കിങ്സ് വിട്ടതിന് ശേഷം ഒരു ഇന്ത്യൻ ഓൾറൗണ്ടറെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ആ​ലോചിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുന്ദറിനെ ചെന്നൈ സ്വന്തമാക്കുമെന്ന് ഒരു യുട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ​ഗുജറാത്ത് ടൈറ്റൻസ് സുന്ദറിനെ വിട്ടുനൽകാനും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

കെ എൽ രാഹുൽ ഡൽഹി ക്യാപിറ്റൽസ് വിടുമെന്ന വാർത്തകൾ നേരത്തെ തന്നെ ടീം അധികൃതർ തള്ളിയിരുന്നു. എന്നാൽ, സഞ്ജു സാംസൺ ഡൽഹി ക്യാപിറ്റൽസിലേക്കെത്തിയാൽ പകരമായി ട്രിസ്റ്റൻ സ്റ്റബ്സിനെയും സമീർ റിസ്‌വിയെയും രാജസ്ഥാനിലേക്ക് കൊടുക്കുമെന്ന റിപ്പോർട്ടുകൾ പ്രചരിച്ചതോടെയാണ് രാഹുലിന്റെ ട്രേഡിങ്ങും ഉണ്ടാകുമെന്ന് കരുതിയത്.

രാഹുലും സഞ്ജുവും ഏകദേശം ഒരേപോലെയുള്ള കളിക്കാരാണ്. ഇരുവരും വിക്കറ്റ് കീപ്പർ-ബാറ്റർമാരും ടീമിനെ നയിക്കാൻ സാധ്യതയുള്ളവരും ഓപണിങ് ബാറ്ററാകാൻ ആ​ഗ്രഹിക്കുന്നവരുമാണ്. ഈ വസ്തുതകൾ ഇരുവരുടെയും ടീം മാറ്റമുണ്ടാകുമെന്ന ചർച്ചകൾക്ക് സാധ്യത തുറന്നു.

ക്യാപ്റ്റൻ‌, വിക്കറ്റ് കീപ്പർ റോളുകളിലേക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളെ ലക്ഷ്യമിടുന്നത്. ഇവ രണ്ടും ചെയ്യാൻ കഴിയുന്ന സഞ്ജുവും രാഹുലും കൊൽക്കത്തയുടെ ലക്ഷ്യങ്ങളാണ്. ഇരു കളിക്കാരെക്കുറിച്ചും പ്രാഥമിക ചർച്ചകൾ നടന്നിട്ടുമുണ്ട്. എന്നാൽ, സഞ്ജുവിനോ രാഹുലിനോ പകരമായി, റിങ്കു സിംഗ്, വരുൺ ചക്രവർത്തി തുടങ്ങിയ അവരുടെ പ്രധാന താരങ്ങളെ വിട്ടുകൊടുക്കാൻ നൈറ്റ് റൈഡേഴ്സ് തയ്യാറല്ല. ഈ സാഹചര്യത്തിൽ, രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും സഞ്ജുവിൻ്റെ ട്രേഡ് വിജയകരമായി പൂർത്തിയാക്കിയാൽ പോലും, രാഹുൽ കൊൽക്കത്തയിലേക്ക് പോകാനുള്ള സാധ്യത കുറവാണ്.

Content Highlights: No traction on Sundar and Rahul trades despite early chatter

dot image
To advertise here,contact us
dot image